കോഹ്‍ലിക്കു പൂജാരയ്ക്കും അർധസെഞ്ചുറി; വാണ്ടറേഴ്സിൽ ഇന്ത്യ 187 പുറത്ത്
ജൊഹാനാസ്ബർഗ്∙ ദക്ഷിണാഫ്രക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 187റൺസെടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി


ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 187ന് പുറത്ത്. തുടക്കത്തിലേ തകര്‍ച്ചയ്ക്ക് ശേഷം കര കയറുകയാണെന്ന് തോന്നിച്ച ഘട്ടത്തില്‍, ദക്ഷിണാഫ്രിക്കന്‍ പേസ് നിര ഇന്ത്യയെ എറിഞ്ഞിടുകയായിരുന്നു.  അര്‍ധസെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയും വിരാട് കോഹ്ലിയുമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ച് നിന്നത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയെ ദക്ഷിണാഫ്രിക്ക തുടക്കത്തിലേ ഞെട്ടിച്ചു. റണ്ണൊന്നുമെടുക്കാതെ കെ എല്‍ രാഹുല്‍ പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് ചലിച്ച് തുടങ്ങിയിരുന്നേയുള്ളൂ. എട്ടു റണ്‍സെടുത്ത മുരളി വിജയ് കൂടി പുറത്തായപ്പോൾ ഇന്ത്യന്‍ സ്‌കോര്‍ 13-2. പിന്നീടായിരുന്നു ചേതേശ്വര്‍ പൂജാരയുടെ സംഭവബഹുലമായ ഇന്നിംഗ്‌സ്. ആദ്യ റണ്‍ നേടാന്‍ 54 പന്തുകളാണ് പൂജാര നേരിട്ടത്. പൂജാരയുടെ ഇന്നിംഗ്‌സ് ഫലിച്ച് നിന്നത് ലഞ്ചിന് പിരിയുന്നതിന് മുമ്പുള്ള ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഫിലാന്‍ഡറുടെ ബൗളിംഗ് സ്‌പെല്ലിലായിരുന്നു.

ഫിലാന്‍ഡര്‍ അതുവരെ എറിഞ്ഞ എട്ടോവറുകളില്‍ ഏഴും മെയ്ഡന്‍. വിട്ടുകൊടുത്തതാകട്ടെ, ഒരു റണ്‍സും. എന്നാല്‍ മറുവശത്ത് വിരാട് കോഹ്ലി തന്റെ സ്വതസിദ്ധമായ ശൈലിയിൽ തന്നെ ബാറ്റ് വീശി. 54 റണ്‍സെടുത്ത് വിരാട് കോഹ്ലി പുറത്താവുമ്പോഴും ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നിരുന്നില്ല. പിന്നീടെത്തിയ അജിങ്ക്യ രഹാനെ 9 റണ്‍സെടുത്ത് പുറത്തായതോടെ തകര്‍ച്ചയിലേക്ക് തന്നെയെന്ന് ഇന്ത്യ ഉറപ്പിച്ചു.

179 പന്തുകള്‍ നീണ്ടുനിന്ന പൂജാരയുടെ ഇന്നിംഗ്‌സ് അവസാനിച്ചപ്പോള്‍ ഇന്ത്യ 144-5. 50 റണ്‍സായിരുന്നു പൂജാര ഇന്ത്യന്‍ ഇന്നിംഗ്‌സിന് സംഭാവന ചെയ്തത്. പാര്‍ത്ഥിവ് പട്ടേല്‍ പതിവ് പല്ലവി തുടര്‍ന്നതോടെ ഇന്ത്യ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. 30 റണ്‍സെടുത്ത ഭുവനേശ്വര്‍ അല്‍പ്പം പ്രതീക്ഷ നല്‍കിയെങ്കിലും കൂടെ നില്‍ക്കാന്‍ ആരുമില്ലാത്ത അവസ്ഥയിലായിരുന്നു. ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാദ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. മോണെ മോർക്കലും വെർണൻ ഫിലാൻഡറും ആൻഡൈൽ പെഹ്ലുഖുവായേയും രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ലുംഗി എങ്കിടി ഒരു വിക്കറ്റും സ്വന്തം പേരിലാക്കി.
സ്പിന്നറായ ആര്‍.അശ്വിനെ ഒഴിവാക്കി പകരം ഭുവനേശ്വര്‍ കുമാറിനെയും രോഹിത് ശര്‍മ്മയ്ക്ക് പകരം രഹാനെയേയും അണിനരത്തിയാണ് ഇന്ത്യ അവസാന ടെസ്റ്റ് കളിക്കുന്നത്. ഇരുടീമിലും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരില്ല.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.