ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടി20 സിക്സറുകൾ പറത്തിയത് ഇന്ത്യക്കാരനല്ല

കഴിഞ്ഞ ദിവസമാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഉജ്ജ്വല സെഞ്ചുറിയോടെ ഇന്ത്യൻ താരം സുരേഷ് റെയ്ന ഫോമിലേക്ക് തിരിച്ചെത്തിയത്. തന്റെ തകർപ്പൻ സെഞ്ചുറി ഇന്നിംഗ്സിനിടെ ഇന്ത്യൻ മണ്ണിൽ 200 ടി20 സിക്സറുകൾ എന്ന നാഴികക്കല്ലും റെയ്ന പിന്നിട്ടു. രോഹിത് ശർമ്മ നേരത്തെ ഈ നേട്ടത്തിൽ എത്തിയിരുന്നു. എന്നാൽ അമ്പരിപ്പിക്കുന്നത് ഇതൊന്നുമല്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടി20 സിക്സറുകളെന്ന റെക്കോർഡ് സ്വന്തമായുള്ളത് ഒരു വിദേശ താരത്തിനാണ്.

സംശയിക്കേണ്ട കരീബിയൻ പവർ ഹൗസ് ക്രിസ് ഗെയിൽ തന്നെയാണ് ആ താരം. ടി20 യിലെ സകലമാന ബാറ്റിംഗ് റെക്കോർഡുകളും സ്വന്തം പേരിലുള്ള ഗെയിൽ ഇന്ത്യയിൽ നടന്ന 102 ടി20 ഇന്നിംഗ്സുകളിൽ നിന്നായി 288 സിക്സറുകളാണ് പറത്തിയിട്ടുള്ളത്. അതായത് രണ്ടാം സ്ഥാനത്തുള്ള രോഹിത് ശർമ്മയേക്കാൾ 79 സിക്സറുകൾ കൂടുതൽ. 181 ഇന്നിംഗ്സുകളിൽ നിന്നാണ് രോഹിതിന്റെ 209 സിക്സറുകൾ.

ഈ നേട്ടത്തിൽ മൂന്നാംസ്ഥാനത്തുള്ള സുരേഷ് റെയ്ന 185 ഇന്നിംഗ്സുകളിൽ 205 സിക്സറുകൾ അടിച്ചിട്ടുണ്ട്. വെടിക്കെട്ട് ബാറ്റിംഗിന്റെ ഉസ്താദായ യൂസഫ് പത്താനാണ് ലിസ്റ്റിൽ നാലാമത്. 170 ഇന്നിംഗ്സിൽ 192 സിക്സറുകൾ. 187 സിക്സുമായി ധോണിയും, 182 തവണ പന്തിനെ ഗ്യാലറിയിലെത്തിച്ച യുവരാജ് സിംഗും അഞ്ചും ആറും സ്ഥാനങ്ങളിൽ നിൽക്കുന്നു.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.