എബിവിപി പ്രവർത്തകന്റെ കൊലപാതക‍ത്തിൽ നാല് എസ്ഡിപി‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

എബിവിപി പ്രവർത്തകൻ കണ്ണൂർ പേരാവൂർ ചിറ്റാരിപറമ്പ് സ്വദേശി ശ്യാം പ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലെടുത്ത നാല് എസ്ഡിപിഐ പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. പാറക്കണ്ടം സ്വദേശി മുഹമ്മദ് (20), സലിം (26), അളകാപുരം സ്വദേശി അമീര്‍ (25), പാലയോട് സ്വദേശി ഹാഷിം (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സിപിഎം പ്രവർത്തകൻ കാക്കയങ്ങാട് ദിലീപൻ വധക്കേസിലെ പ്രതിയാണ് അറസ്റ്റിലായ മുഹമ്മദ്.
സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ത്തന്നെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഇന്നലെ വൈകുന്നേരം നാലേമുക്കാലോടെയാണ് കാക്കയങ്ങാട് സര്‍ക്കാര്‍ ഐടിഐ വിദ്യാര്‍ത്ഥിയായ ശ്യാമപ്രസാദിനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്യാമപ്രസാദിനെ കാറില്‍ എത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടികൊലപ്പെടുത്തുകയായിരുന്നു.

രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് കൊലപാതക കാരണമെന്ന് ജില്ലാ പൊലീസ് മേധാവി ശിവ വിക്രം പറഞ്ഞു. ഏകപക്ഷീയമായാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം ഉണ്ടാകുന്നതെന്ന് ബിജെപി നേതാവ് വത്സന്‍ തില്ലങ്കേരി പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ കണ്ണൂര്‍ ജില്ലയിലും മാഹിയിലും ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളെജില്‍ നിന്നും വിലാപയാത്രയായി കൊണ്ടു പോകും. തളിപ്പറമ്ബ്, കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ്, കൂത്തുപറമ്ബ് ടൗണ്‍, കണ്ണവം എന്നിവിടങ്ങളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടുവളപ്പില്‍ സംസ്കരിക്കും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.