ഐ പി എല്‍ മത്സരങ്ങള്‍ ഇത്തവണ മലയാളത്തിലും..
2018 ഏപ്രിലില്‍ ആരംഭിക്കുന്ന ഐ പി എല്‍ 11ാം സീസണിലെ മത്സരങ്ങള്‍ ഇത്തവണ മലയാളത്തിലും സംപ്രേക്ഷണം ചെയ്‌തേക്കും. ആറു ഭാഷകളില്‍ പ്രേക്ഷകര്‍ക്ക് ഐ പി എല്‍ ആസ്വദിക്കാമെന്ന് സ്റ്റാര്‍ അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് മലയാളത്തിലും മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുമെന്ന സൂചന ലഭിച്ചിരിക്കുന്നത്.

സ്റ്റാര്‍ ഇന്ത്യക്ക് സംപ്രേക്ഷണാവകാശമുള്ള ഐ എസ് എല്‍ മത്സരങ്ങള്‍ മലയാളത്തില്‍ സംപ്രേക്ഷണം ചെയ്ത് വരുന്നുണ്ട്. ഇതിന്റെ ചുവട് പിടിച്ചായിരിക്കും ഐ പി എല്‍ മത്സരങ്ങളും മലയാളത്തില്‍ സംപ്രേക്ഷണം ചെയ്യുക. കഴിഞ്ഞ പത്തു സീസണുകളില്‍ നിന്ന് വ്യത്യസ്തമായി ഐ പി എല്‍ സംപ്രേക്ഷണാവകാശം നേടിയെടുത്ത സ്റ്റാര്‍ നെറ്റ്‌വര്‍ക്ക് നിരവധി മാറ്റങ്ങളാണ് ഇത്തവണ കൊണ്ടുവരുന്നത്. ഏപ്രില്‍ – മേയ് മാസങ്ങളില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റിനോടനുബന്ധിച്ച് ജനുവരിയില്‍ തന്നെ പ്രത്യേക പരിപാടികള്‍ പ്രേക്ഷകര്‍ക്കായി ആരംഭിക്കും

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടി20 ക്രിക്കറ്റ് ലീഗായ ഐ പി എല്ലിനെ കൂടുതല്‍ മനോഹരമായി ജനങ്ങളിലേക്ക് എത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ആറു ഭാഷകളില്‍ ഐ പി എല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കിയ സ്റ്റാര്‍ മാനേജിംഗ് ഡയറക്ടര്‍ സഞ്ജയ് ഗുപ്ത ഹോട്‌സ്റ്റാറിലൂടെ ആരാധകര്‍ക്ക് ഐ പി എല്‍ മത്സരങ്ങള്‍ തല്‍സമയം ആസ്വദിക്കാമെന്നും കൂട്ടിച്ചേര്‍ത്തു. എന്തായാലും അടിമുടി മാറ്റങ്ങളോടെ ആയിരിക്കും ഇത്തവണ ഐ പി എല്‍ മത്സരങ്ങള്‍ ആരാധകരിലേക്കെത്തുകയെന്ന കാര്യത്തില്‍ സംശയമില്ല.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.