ഉപ്പളയിൽ നബിദിന പരിപാടിക്കിടെ കൊടി സ്ഥാപിച്ച പ്രശ്നത്തെ തുടർന്ന് പൊലീസ് ലാത്തിവീശി: കല്ലേറിൽ രണ്ടു പൊലീസുകാർക്ക് പരിക്ക്

ഉപ്പള : നബിദിന പരിപാടിക്കിടെ കൊടി സ്ഥാപിച്ച പ്രശ്നത്തെ തുടർന്ന് ഉപ്പളയിൽ പൊലീസ് ലാത്തിവീശി. ലാത്തിചാർജിനെ തുടർന്ന് ചിതറിയ ആൾകൂട്ടം നടത്തിയ കല്ലേറിൽ രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു.

മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ സിവിൽ ഓഫിസർ സുരേന്ദ്രൻ (42). എ.ആർ ക്യാമ്പിലെ സന്ദീപ് (36 ) എന്നിവർക്കാണ് പരിക്കേറ്റത്. സുരേന്ദ്രന് കൈക്കും സന്ദീപിന് തലക്കുമാണ് പരിക്ക്.

മംഗൽപാടി പഞ്ചായത്ത് ഓഫിസിനു സമീപം ദേശീയപാതയിൽ രാവിലെ പത്തുമണിയോടെയാണ് സംഭവം. നബിദിന പരിപാടിയുടെ ഭാഗമായി ദേശീയപാതക്ക് സമീപം കൊടികൾ സ്ഥാപിച്ചിരുന്നു. ഇതിനു സമീപത്തായി പുലർച്ചെ മറുവിഭാഗം ശിവാജിയുടെ ചിത്രം ആലേഖനം ചെയ്ത കൊടികൾ സ്ഥാപിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്.

കൊടികൾ സ്ഥാപിച്ചത് സംബന്ധിച്ച പ്രശ്നം ഉടലെടുത്തതിനെ തുടർന്ന് മഞ്ചേശ്വരം എസ്.ഐ അനൂബ് കുമാറിന്റെ നേത്രത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്തിരിയാൻ തയ്യാറായില്ല. ഇതോടെ ഇരുവിഭാഗത്തിന്റെയും കൊടികൾ പൊലീസ് നീക്കം ചെയ്തു. എന്നാൽ നീക്കം ചെയ്തതിൽ ഒരു കൊടി മാത്രം ബാക്കിയാവുകയും ചെയ്തു. ഇത് കൂടി നീക്കം ചെയ്യണമെന്ന ആവശ്യം പരിഗണിക്കാൻ തയ്യാറാവാത്തതോടെ പ്രതിഷേധം ഉയരുകയും ചെയ്തു.

ഇതോടെ സ്ഥലത്തെത്തിയ കുമ്പള സി.ഐ മനോജ് ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാൻ ലാത്തിവീശുകയായിരുന്നു. മൂന്നു ഭാഗങ്ങളിലേക്ക് പിന്തിരിഞ്ഞു ഓടിയ സംഘം പൊലീസിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. ഇതിനിടയിലാണ് പൊലീസുകാർക്ക് പരിക്കേറ്റത്. മഞ്ചേശ്വരം, കുമ്പള പൊലീസ് സ്റ്റേഷനുകളിൽ നിന്നും കൂടുതൽ പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.

വിവരമറിഞ്ഞു കാസറഗോഡ് ഡി.വൈ.എസ്.പി എം വി സുകുമാരൻ സ്ഥലത്തെത്തുകയും, എ.ആർ ക്യാമ്പിൽ നിന്നും കൂടുതൽ പൊലീസ് സേനയെ വിന്യസിക്കുകയും ചെയ്തു.

ഇതിനിടയിൽ പ്രതിഷേധക്കാർ ഉപേക്ഷിച്ചു പോയ ബൈക്കുകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊലീസുകാരെ അക്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

No comments

Powered by Blogger.