അഭിമാന മുഹൂര്‍ത്തങ്ങളുടെ ചരിത്രസ്മരണ പുതുക്കി യുഎഇയില്‍ ഇന്ന് ദേശീയദിനാഘോഷം


ദുബൈ :ചരിത്രസ്മരണകള്‍ ഓര്‍മ്മയില്‍ അലയടിക്കുന്ന 46ാമത് ദേശീയദിനാഘോഷം ഇന്ന്. അഭിമാനിക്കാവുന്ന ആ നിമിഷങ്ങളുടെ സ്മരണ പുതുക്കി വ്യത്യസ്തമാര്‍ന്ന ആഘോഷപരിപാടികളില്‍ ഇന്ത്യക്കാരടക്കം വിദേശികളും പങ്കുചേരുന്നു. വിവിധ എമിറേറ്റുകളില്‍ ഘോഷയാത്ര, കരിമരുന്നുപ്രയോഗം, സംഗീതനൃത്തപരിപാടി തുടങ്ങിയവ ഉണ്ടാകും.

രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍, രാഷ്ട്രശില്‍പി ഷെയ്ഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂം, പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുടെ വലിയ കട്ടൗട്ടുകളും ചിത്രങ്ങളും പല സ്ഥലങ്ങളിലായി സ്ഥാപിച്ചു.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി, സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി, സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ല, സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

അത് മാത്രമല്ല നബിദിനവും യുഎഇയുടെ 46-ാം ദേശീയ ദിനവും ഒരുമിച്ച് ആഘോഷിക്കുന്ന സന്തോഷത്തിലാണ് എല്ലാവരും. യുഎഇയിലെ പള്ളികളില്‍
വെള്ളിയാഴ്ച ജുമാ ഖുത്ബ നടന്നു. നബിയുടെ ജന്മദിനവും യുഎഇയുടെ രൂപീകരണ ഓര്‍മകളും ഒരുമിക്കുന്ന ദിനങ്ങളിലാണ് വിശ്വാസികളെന്നു ആമുഖമായി പണ്ഡിതര്‍ ഓര്‍മിപ്പിച്ചു.

ഐക്യത്തിന്റെ 46-ാം വര്‍ഷത്തിലെത്തിയ യുഎഇയുടെ ദേശീയ ദിനവും നബിദിനവും ഒരുമിക്കുന്ന അവസരത്തിലെ ജുമാ പ്രസംഗം, മനുഷ്യര്‍ തമ്മിലുള്ള സഹകരണത്തിലും സ്‌നേഹബന്ധത്തിലും ഉറച്ചുള്ളതായിരുന്നു. ഐക്യം സമൂഹത്തിനുള്ള പ്രവാചകന്റെ സമ്മാനമായിരുന്നുവെന്നു പണ്ഡിതര്‍ ഓര്‍മിപ്പിച്ചു.

നബിയുടെ കാലത്ത് മക്കയിലെ കഅബ പുന:ര്‍നിര്‍മാണത്തിനു പ്രവാചകന്‍ നിര്‍ദേശിച്ച മാതൃക കാലികപ്രസ്‌കതമാണ്. വ്യത്യസ്ത ഗോത്രങ്ങള്‍ തമ്മില്‍ കലഹിക്കാന്‍ സാധ്യതയുള്ള സന്ദര്‍ഭത്തില്‍ ഒരു തുണിവിരിച്ചു കഅബ ദേവാലയത്തിന്റെ പ്രധാന ശിലയായ ‘ഹജറുല്‍ അസ്‌വദ് ‘അതില്‍ വച്ചു . ഗോത്ര പ്രമാണികളില്‍ ഓരോരുത്തരോട് തുണിയുടെ തലഭാഗം പിടിച്ചു ഉയര്‍ത്താന്‍ നിര്‍ദേശിക്കുകയും കഅബയുടെ ‘കറുത്ത കല്ല്’ പ്രവാചകന്‍ നിശ്ചിത സ്ഥാനത്ത് വയ്ക്കുകയും ചെയ്തു.

ഛിദ്രതയും അതുവഴി ഒരു കലാപവും ഉടലെടുക്കാന്‍ ഇടയാക്കിയ സന്ദര്‍ഭം തന്മയത്തത്തോടെയും രചനാത്മകമായും പരിഹരിച്ച പ്രവാചകന്‍ ഉത്തരവാദിത്വത്തില്‍ എല്ലാവരെയും ഭാഗഭാക്കാക്കുകയാണ് ചെയ്തത്. ജീവിതം കെട്ടിപ്പടുക്കാന്‍ കൈകള്‍ ചേര്‍ത്തുവയ്ക്കണമെന്ന സന്ദേശമാണ് നബി സമൂഹത്തിനു കൈമാറിയതെന്ന് പണ്ഡിതര്‍ ഉദ്‌ബോധിപ്പിച്ചു.

മതത്തിന്റെ പേരില്‍ വേറിട്ട് നില്‍ക്കുന്നതിനെതിരെ നബി (സ) ശക്തമായ മുന്നറിയിപ്പ് നല്‍കി. ഹൃദയത്തില്‍ ശൈഥില്യത്തിന്റെ അണുക്കള്‍ മുളയ്ക്കുന്നത് മുന്‍കൂട്ടി തടഞ്ഞു. ഇവ തെളിയിക്കുന്ന വേദവചനങ്ങളും നബി മൊഴികളും അവസരോചിതം ഉദ്ധരിച്ചാണ് ഐക്യത്തിലും സഹകരണത്തിലും വസിക്കേണ്ടതിന്റെ പ്രാധാന്യം വിശ്വാസികള്‍ക്ക് പകര്‍ന്നു നല്‍കിയത്.

യുഎഇ പടുത്തുയര്‍ത്തുന്നതിനു മുന്‍പ് തന്നെ മക്കയില്‍ നിന്നും പാലായനം ചെയ്‌തെത്തിയവരും അവരെ തുറന്ന മനസ്സോടെ സ്വീകരിച്ച മദീന നിവാസികളായ ‘അന്‍സാരി’കളും തമ്മില്‍ ഐക്യം സ്ഥാപിച്ചു നബി മാതൃക കാണിച്ചിട്ടുണ്ട്.

അതുകൊണ്ടു ഐക്യത്തിന്റെ പന്ഥാവില്‍ വിള്ളല്‍ വരാതിരിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശമാണ് മതോപദേശകര്‍ വിശ്വാസികള്‍ക്ക് കൈമാറിയത്. ദേശീയ ദിനം ആചരിക്കുന്ന അവസരത്തില്‍ രാജ്യത്തിന് വേണ്ടി ജാവാര്‍പ്പണം ചെയ്ത സൈനികര്‍ക്കായി പണ്ഡിതര്‍ പ്രാര്‍ഥിച്ചു.

No comments

Powered by Blogger.