രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി; മത്സ്യത്തൊഴിലാളികൾ വള്ളം ഉപേക്ഷിക്കാൻ വിസമ്മതിക്കുന്നു; മുഖ്യമന്ത്രി

തങ്ങൾ കടലിൽ തന്നെ നിന്നുകൊള്ളാമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു

തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റ് മുന്നറിയിപ്പ് ലഭിച്ചത് ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് മുൻപ് ശക്തിയായി കാറ്റും മഴയും ഉണ്ടാകുമെന്ന് മാത്രമേ വിവരം ലഭിച്ചിരുന്നുള്ളൂ. മുന്നറിയിപ്പ് ലഭിച്ച ഉടൻ നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകാതിരിക്കാൻ നല്ല ഇടപെടൽ സംസ്ഥാനത്ത് ആകെ ഉണ്ടായി. അതിൽ മാധ്യമങ്ങളും നല്ല പങ്ക് വഹിച്ചു. ഏഴോളം കപ്പലുകൾ ചുഴലിക്കൊടുങ്കാറ്റ് വീശിയ ഭാഗത്ത് മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ പ്രവർത്തിക്കുന്നുണ്ട്.
കോസ്റ്റ് ഗാർഡിന്റെ രണ്ട് കപ്പലുകളും നേവിയുടെ നാല് കപ്പലുകളുമാണ് ഉള്ളത്. എന്നാൽ മത്സ്യത്തൊഴിലാളികൾ കപ്പലിൽ കയറാതെ മറ്റാവശ്യങ്ങൾ മുന്നോട്ട് വയ്ക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷണം നൽകിയാൽ മതിയെന്നും വള്ളമടക്കം കരയിലേക്ക് എത്തിക്കണമെന്നും മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തകരോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.
“എല്ലാ വള്ളങ്ങളും കെട്ടിവലിച്ച് കൊണ്ടുവരാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ സുരക്ഷിതരാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവർക്ക് ഭക്ഷണവും വെള്ളവും നൽകാനാണ് ശ്രമം”, മുഖ്യമന്ത്രി പറഞ്ഞു.
“എയർ ഫോഴ്സിന്റെ രണ്ട് വിമാനവും നേവിയുടെ രണ്ട് സീ കിങ് ഹെലികോപ്റ്ററും, കോയമ്പത്തൂരിൽ നിന്ന് എയർഫോഴ്സിന്റെ രണ്ട് ഹെലികോപ്റ്ററും കോസ്റ്റ് ഗാർഡിന്റെ രണ്ട് ഡോർണിയറും ഉണ്ട്. ഹെലികോപ്റ്ററുകൾക്ക് കാറ്റ് ശക്തമായതിനാൽ പറക്കാൻ പറ്റുന്നില്ല. സൈന്യം പൂർണ്ണസജ്ജരായി കരയിൽ നിൽക്കുന്നുണ്ട്. എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്”, മുഖ്യമന്ത്രി വിശദീകരിച്ചു.
“33 പേർ തിരികെയെത്തിയെന്ന് നേരത്തേ വിവരം ലഭിച്ചു. തീരദേശത്തെ ആളുകളെ ഒഴിപ്പിക്കാൻ 13 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇതിനൊപ്പം മർച്ചന്റ് നേവിയുടെ കപ്പലുകളോട് രക്ഷാപ്രവർത്തനം നടത്താൻ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ 10 പേരെ മർച്ചന്റ് ഷിപ്പുകാർക്ക് രക്ഷിക്കാൻ സാധിച്ചു. നാളെ രാവിലെ വരെ ഇതേ നില തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.”
“തീരത്ത് നിന്ന് 200 കിമീ അകലെയാണ് ചുഴലിയിപ്പോഴുള്ളത്. ചുഴലിക്കകത്തുള്ള വേഗത 70 കിമീറ്റാണ്. ഇന്നലെ തീരത്ത് നിന്ന് 70 കിമീ അകലെയാണ് ചുഴലിയെത്തിയത്. ഇതിപ്പോൾ അകന്നകന്ന് പോവുന്നുണ്ട്. മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ കരയിലുള്ളവർ കടലിലിറങ്ങി. ഇവരെ രക്ഷിക്കാൻ പിന്നെ പരിശ്രമിക്കേണ്ടി വന്നു. ആരും സ്വയമേ കടലിലിറങ്ങരുത്. രക്ഷാപ്രവർത്തകരെ വിശ്വാസത്തിലെടുക്കണം”, മുഖ്യമന്ത്രി പറഞ്ഞു.
“ലക്ഷദ്വീപിന്റെ രക്ഷാപ്രവർത്തനം കൂടി നോക്കേണ്ട സാഹചര്യത്തിൽ കൂടുതൽ എയർക്രാഫ്റ്റ് അയക്കാൻ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴയിൽ നിന്ന് കാണാതായ രണ്ട് പേരെ വിഴിഞ്ഞത്ത് കണ്ടെത്തി. 33 വള്ളങ്ങളിലുള്ള മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തകരോട് സഹകരിക്കാത്തത്”, മുഖ്യമന്ത്രി പറഞ്ഞു.

No comments

Powered by Blogger.