മേനേജ്മെന്റിന് ലക്ഷങ്ങൾ നൽകി നിയമനം നേടിയ എയ്ഡഡ് സ്കൂളദ്ധ്യാപകരുടെ ജോലി നഷ്ടമാവും

 എയ്ഡഡ് സ്കൂളുകളില്‍ മാനേജ്മെന്റുകള്‍ നിയമനം നല്‍കിയ അദ്ധ്യാപകര്‍ക്ക് ജോലി നഷ്ടമാകും, മാനേജ്‍മെന്റ് ആവശ്യപ്പെട്ട ലക്ഷങ്ങൾ നൽകി ജോലി നേടിയവർ പ്രതിസന്ധിയിൽ
തിരുവനന്തപുരം: കേരള വിദ്യാഭ്യാസച്ചട്ടം പരിഷ്കരിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി അംഗീകരിച്ചതോടെ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ മാനേജ്മെന്റുകള്‍ നിയമനം നല്‍കിയ അദ്ധ്യാപകര്‍ക്ക് ജോലി നഷ്ടമാകും. കഴിഞ്ഞ അധ്യയനവര്‍ഷം മാനേജ്മെന്റുകള്‍ നിയമനം നല്‍കിയ ആയിരത്തോളം അദ്ധ്യാപകര്‍ക്കാണ് ജോലി നഷ്ടമാവുക. ഇതോടെ നിയമനാംഗീകാരം തേടി സമര്‍പ്പിച്ച ഫയലുകള്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മടക്കിയയച്ചുതുടങ്ങി. നിയമവിരുദ്ധമാണെങ്കിലും മാനേജുമെന്റുകൾ ഇത്തരം അധ്യാപകരെ നിയമിക്കുമ്പോൾ ലക്ഷങ്ങൾ വാങ്ങാറുണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്. ഇങ്ങനെ ലക്ഷങ്ങൾ മുടക്കി ജോലി കരസ്ഥമാക്കിയവരാണ് വഴിയാധാരമാകുന്നത്.

കുട്ടികള്‍ കുറയുന്നതോടെ ജോലി നഷ്ടപ്പെടുന്ന അദ്ധ്യാപകരെ സംരക്ഷിക്കാന്‍ വേണ്ടിയാണു ചട്ടങ്ങള്‍ ഭേദഗതി ചെയ്തത്. 1979-നു ശേഷമുണ്ടായ എയ്ഡഡ് സ്കൂളുകളില്‍ ഇനിയുണ്ടാകുന്ന എല്ലാ ഒഴിവിലും അതത് സ്കൂളില്‍നിന്നു പുറത്താക്കപ്പെട്ട സംരക്ഷിത അദ്ധ്യാപകരെ നിയമിക്കണമെന്നതാണു ഭേദഗതി. ഇതാണ് പുതുതായി നിയമിക്കപ്പെട്ടവര്‍ക്ക് വിനയാകുന്നത്. അതിനു മുമ്പ് നിലവില്‍വന്ന എയ്ഡഡ് സ്കൂളുകളില്‍ 1:1 അനുപാതത്തിലാണു നിയമനം നിര്‍ദ്ദേശിച്ചത്. ഇവയില്‍ രണ്ട് ഒഴിവുണ്ടാകുമ്ബോള്‍ അതിലൊന്നില്‍ ജോലി നഷ്ടപ്പെട്ട സംരക്ഷിത അദ്ധ്യാപകനെയും രണ്ടാമത്തേതില്‍ മാനേജ്മെന്റുകള്‍ക്കു പുതിയ ആളെയും നിയമിക്കാം.
2016-17 വര്‍ഷത്തെ അദ്ധ്യാപക തസ്തിക നിര്‍ണയം ഈ മാസം പൂര്‍ത്തിയാക്കാനാണു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. 2017-18 ലെ തസ്തിക നിര്‍ണയം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. 2015-16ല്‍ നടത്തിയ തസ്തിക നിര്‍ണയം 16-17 വര്‍ഷത്തേക്കും ബാധകമാക്കുകയാണു ചെയ്തത്. എന്നാല്‍, ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാകും 2016-17 ലെ തസ്തിക നിര്‍ണയിക്കുക. സംരക്ഷിത അദ്ധ്യാപകരെന്നു കണ്ടെത്തുന്നവര്‍ക്ക് പരിഷ്കരിച്ച ചട്ടമനുസരിച്ച്‌ നിയമനം നല്‍കും.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.