സെന്‍കുമാറിനെതിരായ വിജലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: വ്യാജ ചികിത്സാരേഖകള്‍ ഹാജരാക്കി ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്ന കേസില്‍ ടി.പി സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ട അന്വേഷണമാണ് റദ്ദാക്കിയത്. അന്വേഷണം ദുരുദ്ദേശപരമാണെന്ന സെന്‍കുമാറിന്റെ ഹര്‍ജിയിലാണ് നടപടി.
സെന്‍കുമാറിനെ നേരത്തെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്ന് സര്‍ക്കാര്‍ നീക്കിയിരുന്നു. തുടര്‍ന്ന് നിയമയുദ്ധം നടത്തി സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തോടെ അദ്ദേഹം പോലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു. സര്‍വീസില്‍നിന്ന് വിരമിച്ച ശേഷമാണ് വ്യാജരേഖ കേസ് അടക്കമുള്ളവ അദ്ദേഹത്തിനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തത്.
അര്‍ദ്ധ ശമ്പള വ്യവസ്ഥയില്‍ സെന്‍കുമാര്‍ എടുത്ത ലീവ് പിന്നീട് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മുഴുവന്‍ ശമ്പളവും കൈപ്പറ്റിയെന്നാണ് കേസ്. ടി.പി.സെന്‍കുമാര്‍ എട്ടു മാസത്തെ അവധിക്കാലയളവില്‍ മുഴുവന്‍ വേതനവും ലഭിക്കുന്നതിനു വേണ്ടി വ്യാജ രേഖകള്‍ ചമച്ചതായ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ ചട്ടപ്രകാരം കേസ് എടുത്ത് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സംസ്ഥാന പോലീസ് മേധാവിക്കു നിര്‍ദേശം നല്‍കിയിരുന്നു. കോര്‍പറേഷനിലെ മുന്‍ കൗണ്‍സിലര്‍ എ.ജെ.സുക്കാര്‍നോ നല്‍കിയ പരാതിയിലായിരുന്നു നടപടി.
സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്നു നീക്കം ചെയ്തതിനെ തുടര്‍ന്നു 2016 ജൂണ്‍ ഒന്നു മുതല്‍ 2017 ജനുവരി 31 വരെ സെന്‍കുമാര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ അവധിയിലായിരുന്നു. ഇക്കാലയളില്‍ അര്‍ധവേതന അവധിയെടുക്കുന്നതിന് ഒന്‍പത് അപേക്ഷകള്‍ സെന്‍കുമാര്‍ നല്‍കിയതു സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

പിന്നീട് തന്റെ അര്‍ധവേതന അവധി പരിവര്‍ത്തിത അവധിയായി (കമ്യൂട്ടഡ് ലീവ്) പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു 2017 ഫെബ്രുവരി ആറിന് അദ്ദേഹം സര്‍ക്കാരിനു കത്തു നല്‍കുകയായിന്നു. ഇതിനായി സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നായിരിന്നു പരാതി.

No comments

Powered by Blogger.