കണ്ണൂരിൽ പ്ലാസ്റ്റിക് സഞ്ചി പരിശോധന തുടരുന്നു. പത്ത് സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി

കണ്ണൂര്‍: പ്ലാസ്റ്റിക് സഞ്ചി നിരോധനം കൂടുതല്‍ കര്‍ശനമാക്കിയതിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധനകള്‍ തുടരുന്നു. നേരത്തേ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും പ്ലാസ്റ്റിക് സഞ്ചി വില്‍പ്പന തുടര്‍ന്ന സ്ഥാപനങ്ങളുടെ ലൈസന്‍സാണ് തുടക്കത്തില്‍ റദ്ദ് ചെയ്യുന്നത്. ഇങ്ങനെയുള്ള പത്തോളം സ്ഥാപനങ്ങളുടെ ലൈസന്‍സ് ഇതിനകം റദ്ദാക്കി. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി വെള്ളിയാഴ്ച നേരിട്ട് നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ നഗരത്തിലെ ഒരു കട പൂട്ടി സീല്‍ ചെയ്യുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിരുന്നു. ആവര്‍ത്തിച്ചുള്ള നിയമലംഘനത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയ  പുതിയതെരു കാട്ടാമ്പള്ളി റോഡിലെ അപ്പൂസ് ബേക്കറി എന്ന സ്ഥാപനം ശനിയാഴ്ച തുറന്നുപ്രവര്‍ത്തിക്കാന്‍ നടത്തിയ ശ്രമം അധികൃതര്‍ തടഞ്ഞു. വെള്ളിയാഴ്ച നടത്തിയ റെയിഡില്‍ പ്ലാസ്റ്റിക് കാരിബാഗുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് കടയുടെ ലൈസന്‍സ്  പഞ്ചായത്ത് അധികൃതര്‍ റദ്ദാക്കിയിരുന്നു. പെട്ടെന്ന് കേടാകുന്ന പലഹാരങ്ങള്‍ കടയിലുണ്ടായിരുന്നതിനാല്‍ രാത്രിവരെ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുകയും ചെയ്തു. എന്നാല്‍ പഞ്ചായത്തില്‍ 5000 രൂപ പിഴയൊടുക്കുകയും പുതിയ ലൈസന്‍സിന് അപേക്ഷ നല്‍കുകയും ചെയ്ത കടയുടമ, ശനിയാഴ്ച രാവിലെ വീണ്ടും തുറക്കുകയായിരുന്നു. ഇക്കാര്യം നാട്ടുകാര്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് ഉച്ചയോടെ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്തില്‍ വീണ്ടും കട അടപ്പിച്ചു. തദ്ദേശസ്ഥാപന അധികൃതരുടെ നേതൃത്വത്തിലുള്ള റെയ്ഡ് വരുംദിവസങ്ങളില്‍ കര്‍ശനമായി തുടരും...

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.