കണ്ണൂര്‍ നഗരത്തില്‍ പ്ലാസ്റ്റിക് സഞ്ചികൾ കലക്ടർ നേരിട്ടെത്തി പിടികൂടി

കണ്ണൂര്‍:    ജില്ലയില്‍ പ്ലാസ്റ്റിക് കാരി ബാഗ് നിരോധനം കൂടുതല്‍ കര്‍ശനമാക്കിയതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നേരിട്ട് കടകളിലെത്തി പരിശോധന നടത്തി. കണ്ണൂര്‍ നഗരത്തില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരം, ഹാജി റോഡ്, മുനീശ്വരന്‍ കോവില്‍ റോഡ് എന്നിവിടങ്ങളിലെ ഏതാനും കടകളിലാണ് ജില്ലാ കലക്ടര്‍ റെയിഡ് നടത്തിയത്. ഇവയില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ ഗോഡൗണില്‍ സൂക്ഷിച്ച നമിത പ്ലാസ്റ്റിക്‌സ് എന്ന കടയും പ്ലാസ്റ്റിക് സഞ്ചികള്‍ സൂക്ഷിക്കാനുപയോഗിച്ച ഗോഡൗണുമാണ് അടച്ചുപൂട്ടി സീല്‍വച്ചത്. ഇവയുടെ ലൈസന്‍സ് റദ്ദ് ചെയ്തിട്ടുണ്ട്. ഇവിടെ നിന്ന് 50 മൈക്രോണില്‍ കുറവുള്ള സഞ്ചികളടക്കം 236 കിലോഗ്രാം പ്ലാസ്റ്റിക്ക് കാരിബാഗുകളാണ് പിടിച്ചെടുത്തത്.     ഇതിനു പുറമെ, പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും പ്ലാസ്റ്റിക് സഞ്ചികള്‍ വിതരണം ചെയ്ത പുതിയതെരുവിലെ അപ്പൂസ് ബേക്കറിയുടെയും ലൈസന്‍സ് റദ്ദ് ചെയ്തിട്ടുണ്ട്.  ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ണൂര്‍ നഗരത്തിലെ രണ്ട് കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ചെറിയ അളവില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ കണ്ടെടുത്തതിനെ തുടര്‍ന്നാണ് നടപടി.          കണ്ണൂരിനെ പ്ലാസ്റ്റിക് രഹിത ജില്ലയായി പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിരോധനം ലംഘിച്ച് പ്ലാസ്റ്റിക് കാരിബാഗുകള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്ന ഹരിതകേരള മിഷന്‍ ജില്ലാതലയോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ജില്ലാകലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു. പ്ലാസ്റ്റിക് കാരിബാഗ് നിരോധനം ശക്തമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പോലിസുകാര്‍ എന്നിവര്‍ സംയുക്തമായി ജില്ലയില്‍ ജനകീയ റെയ്ഡുകള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമെടുക്കുകയുണ്ടായി.     കടകളില്‍ നടത്തിയ പരിശോധനകളില്‍ ജില്ലാ കലക്ടര്‍ക്കൊപ്പം ശുചിത്വമിഷന്‍ ജില്ലാ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ സുരേഷ് കസ്തൂരി, കോര്‍പറേഷന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എം ഗിരീശന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.പി രഞ്ജിത്ത് കുമാര്‍ തുടങ്ങിയവരുമുണ്ടായിരുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.