2ജി സ്‌പെക്ട്രം കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു


2ജി സ്‌പെക്ട്രം കേസിൽ എല്ലാ പ്രതികളും കുറ്റവിമുക്തരെന്ന് കോടതി വിധി. സിബിഐയുടെ പ്രത്യേക കോടതിയുടെതാണ് വിധി. ഡിഎംകെ നേതാക്കളായ എ രാജ, കനിമൊഴി തുടങ്ങിയവരാണ് പ്രതി പട്ടികയിലുണ്ടായിരുന്നത്. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു. കോൺഗ്രസിനും ഡി എം കെക്കും ആഹ്ലാദം പകരുന്നതാണ് കോടതി വിധി. വിധിക്ക് പിന്നാലെ കോടതി പരിസരത്ത് ഡി എം കെ പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുകയാണ്.
ഒറ്റ വരി പ്രസ്താവനയിലാണ് കോടതി വിധി പറഞ്ഞത്. ചെന്നൈ ആർ കെ നഗറിൽ വോട്ടെടുപ്പ് നടക്കുന്ന ദിവസം തന്നെ വിധി വരുന്നതിനാൽ കടുത്ത ആശങ്കയോടെയാണ് ഡിഎംകെ വിധിക്കായി കാത്തിരുന്നത്.
2ജി സ്‌പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നുവെന്ന സിഎജിയുടെ കണ്ടെത്തലിനെ തുടർന്നാണ് കേസ്. സിബിഐ അന്വേഷിച്ച രണ്ടും എൻഫോഴ്‌സ്‌മെന്റ് അന്വേഷിച്ച ഒരു കേസിന്റെയും വിധിയാണ് ദില്ലി പട്യാലയിലെ സിബിഐ കോടതി പ്രസ്താവിച്ചത്.
മാനദണ്ഡങ്ങൾ പാലിക്കാതെ 122 സ്വകാര്യ ടെലികോം കമ്പനികൾക്ക് 2ജി ലൈസൻസ് സ്പെക്ട്രം വിതരണം ചെയ്തതിൽ സർക്കാർ ഖജനാവിന് 30,984 കോടിയുടെ നഷ്ടമുണ്ടായതായാണ് സിബിഐ കേസ്. ഈ ലൈസൻസുകൾ 2012ൽ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
അന്നത്തെ ടെലികോം മന്ത്രിയായിരുന്ന എ രാജ, കനിമൊഴി, മുൻ ടെലികോം സെക്രട്ടറി സിദ്ധാർഥ് ബഹൂറ, രാജയുടെ പി എസ് ആയിരുന്ന പി കെ ചന്ദോലിയ തുടങ്ങി 14 പേരും റിലയൻസ് ടെലികോം, യൂനിടെക് വയർലെസ്, സ്വാൻ ടെലികോം എന്നീ കമ്പനികളും പ്രതികളാണ്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.