വിമാനത്താവളം വരുമ്പോൾ മട്ടന്നൂരിൽ വൈദ്യുതി വിതരണം കേബിൾ വഴിയാക്കുന്നു

മട്ടന്നൂർ∙ കണ്ണൂർ വിമാനത്താവളത്തോടു ചേർന്നുള്ള നഗരമെന്ന നിലയ്ക്കു മട്ടന്നൂരിലും പരിസരങ്ങളിലും വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു. വൈദ്യുത ലൈൻ ഭൂമിക്കടിയിലൂടെ സ്ഥാപിച്ചാണ് പ്രവൃത്തി നടത്തുന്നത്. നിർമാണം ഉദ്ഘാടനം പാലോട്ടുപള്ളിയിൽ ഇ.പി.ജയരാജൻ എംഎൽഎ നിർവഹിച്ചു. വിമാനത്താവളം പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി മട്ടന്നൂർ നഗരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം ഒഴിവാക്കുന്നതിനാണ് ഭൂമിക്കടിയിൽ കേബിൾ സ്ഥാപിച്ച് വൈദ്യുതി പ്രവർത്തനം കാര്യക്ഷമമാക്കുന്നത്.

ആദ്യഘട്ടത്തിൽ മട്ടന്നൂർ ടൗണിലാണ് കേബിളിലൂടെ വൈദ്യുതി എത്തിക്കുന്നത്. ചാവശ്ശേരി, പഴശ്ശി സബ് സ്റ്റേഷനുകളിൽ നിന്നാണ് വൈദ്യുതി വിതരണം. ചാവശ്ശേരി സബ് സ്റ്റേഷൻ മുതൽ മട്ടന്നൂർ ടൗൺ വരെയുള്ള 5.4 കിലോമീറ്റർ കേബിൾ സ്ഥാപിക്കാൻ രണ്ടര കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. രണ്ടു മാസം മുൻപേ കേബിളിടൽ പ്രവൃത്തി ആരംഭിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും കെഎസ്ടിപി റോഡായ മട്ടന്നൂർ - ഇരിട്ടി റോഡിന്റെ നവീകരണം നടക്കുന്നതിനാൽ കേബിളിടാൻ കെഎസ്ഇബിക്ക് കെഎസ്ടിപി അനുമതി നൽകുന്നത് വൈകിയതാണ് പ്രവൃത്തി തുടങ്ങുന്നതിൽ കാലതാമസമുണ്ടായത്.

ചാവശ്ശേരി സബ് സ്റ്റേഷൻ മുതൽ മട്ടന്നൂർ വരെ സ്ഥാപിക്കുന്ന 15 ട്രാൻസ്ഫോമർ വഴിയാണ് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വൈദ്യുതി നൽകുക. പഴശ്ശി സബ് സ്റ്റേഷൻ മുതൽ ശിവപുരം വരെയും, പഴശ്ശി സബ് സ്റ്റേഷനിൽ നിന്ന് ഇടവേലിക്കൽ, ഇല്ലംമൂല വഴി മട്ടന്നൂർ ടൗൺ വരെയും കേബിൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. എട്ടര കോടിയോളം രൂപ ഇതിനായി സർക്കാർ അനുവദിച്ചു.

കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് മൂന്നു പദ്ധതികളായാണ് കെഎസ്ഇബി പ്രവൃത്തി നടത്തുന്നതിനു ടെൻഡർ നൽകിയത്. മട്ടന്നൂർ നഗരസഭയിലെ മുഴുവൻ പ്രദേശങ്ങളിലും ഇരിട്ടി നഗരസഭയിലെ ചാവശ്ശേരി മേഖലയിലും ജനുവരി അവസാനത്തോടെ പദ്ധതി നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു. കാലവർഷം ഉൾപ്പെടെയുള്ള സമയങ്ങളിൽ മരം പൊട്ടി ലൈനിൽ വീണ് വൈദ്യുതി മുടങ്ങുന്നത് ഒഴിവാക്കുന്നതിനാണ് ഭൂമിക്കടിയിൽ കേബിൾ സ്ഥാപിച്ച് വൈദ്യുതി എത്തിക്കുന്നത്.

കേബിൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാകുന്നതോടെ വൈദ്യുതി മുടങ്ങുന്നത് ഒഴിവാക്കാൻ കഴിയുമെന്നാണ് കെഎസ്ഇബി അധികൃതരുടെ പ്രതീക്ഷ. ഈ പദ്ധതി വിജയം കാണുന്നതോടെ വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റും കണക്‌‌‌‌‌‌‌‌‌‌‌‌‌‌ഷൻ നൽകുന്ന ലൈനും കേബിൾ വഴിയാക്കാനുള്ള പദ്ധതിയും കെഎസ്ഇബി തയാറാക്കുന്നുണ്ട്.

പാലോട്ടുപള്ളി പരിസരത്തു നടന്ന ചടങ്ങിൽ നഗരസഭ അധ്യക്ഷ അനിതാ വേണു അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.പുരുഷോത്തമൻ, കൗൺസിലർമാരായ എം.കെ.നജ്മ, വി.കെ.സുഗതൻ, എക്സിക്യൂട്ടീവ് എൻജിനീയർ കെ.വി.ജനാർദനൻ, അസിസ്റ്റന്റ് എൻജിനീയർ കെ.എസ്.ജയരാജ് എന്നിവർ പ്രസംഗിച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.