ഒരു ലക്ഷം രൂപയോളം ചിലവഴിച്ച് സ്വന്തം ചരമ പരസ്യം പത്രങ്ങളില്‍ നല്‍കിയശേഷം കർഷകനെ കാണാതായ സംഭവം ; അന്വേഷണം മംഗളൂരുവിലേക്ക്

കണ്ണൂര്: സ്വന്തം ചരമ പരസ്യവും ചരമവാര്‍ത്തയും പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ നല്‍കിയശേഷം കര്‍ഷകനെ കാണാതായ സംഭവത്തില്‍ അന്വേഷണം കര്‍ണാടകയിലേക്കും. തളിപ്പറമ്ബ് കുറ്റിക്കോല്‍ സ്വദേശിയായ ജോസഫ് മേലുകുന്നേലി(75)നെയാണു വ്യാഴാഴ്ച രാവിലെ പയ്യന്നൂര്‍ ടൗണിലെ ടൂറിസ്റ്റ് ഹോമില്‍നിന്ന് കാണാതായത്. ലോഡ്ജില്‍നിന്നിറങ്ങിയ ഇയാള്‍ ഓട്ടോറിക്ഷയില്‍ പയ്യന്നൂര്‍ റെ യില്‍വേ സ്റ്റേഷനില്‍ എത്തിയെന്നു വ്യക്തമായിട്ടുണ്ട്. അവിടെനിന്ന് മംഗളൂരുവിലേക്കുള്ള ട്രെയിനില്‍ കയറിപ്പോയെന്നാണു സൂചന. കര്‍ണാടകയില്‍ ജോസഫിനു പരിചയക്കാരുണ്ട്. ഇവരുടെ അടുത്ത് എത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം പത്രത്തില്‍ പരസ്യം നല്‍കുന്നതിനായി ജോസഫ് ഒരു ലക്ഷത്തോളം രൂപയാണു ചെലവഴിച്ചത്. കൂടുതല്‍ പണം കൈയിലുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തിന് വെളിയില്‍ താമസിക്കാനുള്ള സാഹചര്യവും പൊലീസ് തള്ളിക്കളയുന്നില്ല.
അതിനാലാണു കര്‍ണാടക കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നത്. ജോസഫിന്റെ രണ്ടു മൊബൈല്‍ ഫോണുകളും സ്വിച്ച്‌ ഓഫ് ആയതിനാല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടത്താനാകില്ലെന്നു പൊലീസ് പറഞ്ഞു. കര്‍ണാടക പൊലീസിനു ജോസഫിന്റെ തിരോധാനം സംബന്ധിച്ച്‌ വിവരം കൈമാറിയിട്ടുണ്ട്. തളിപ്പറമ്ബ് ഡിവൈ.എസ്.പി: കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

No comments

Powered by Blogger.