കൊളച്ചേരി പഞ്ചായത്തിന് ലഭിച്ച ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡ് തുകയായ 10 ലക്ഷം രൂപ നഷ്ടമായി. മുൻ ഉദ്യോഗസ്ഥന്റെ അനാസ്ഥ കാരണമെന്ന് ആരോപണം

കൊളച്ചേരി : 2015 ല്‍ ജില്ലയില്‍  മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡ്  നേടിയ കൊളച്ചേരി ഗ്രാമ പഞ്ചായത്തിന് പാരിതോഷികമായി ലഭിച്ച പത്ത് ലഷം രൂപ നഷ്ടപ്പെട്ടു. മുന്‍ സെക്രട്ടറിയുടെ അനാസ്ഥയാണ് അവാര്‍ഡ് തുക നഷ്ടമാവാന്‍ കാരണമെന്നാണ് ആക്ഷേപം. 2015 ല്‍ മുസ്‌ലിം ലീഗിലെ കെ.കെ മുസ്തഫ പ്രസിഡന്റായിരുന്ന കാലത്തായിരുന്നു ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കൊളച്ചേരിയെ തേടിയെത്തിയത്. പാരിതോഷികമായി പത്ത് ലക്ഷം രൂപയും ലഭിച്ചു. 2016-17 ല്‍ അവാര്‍ഡ് തുക ഉപയോഗിച്ച് കമ്പില്‍ ടൗണില്‍ സാംസ്കാരിക നിലയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.  ഇതിനിടെ പണി പൂര്‍ത്തീകരിച്ച കരാറുകാരന്‍ ഫണ്ട് ലഭ്യമാകുന്നതിന് വേണ്ടി പഞ്ചായത്തില്‍ നല്‍കിയ ബില്ല് ഫണ്ടില്ലാത്ത കാരണത്താല്‍ ട്രഷറിയില്‍ നിന്നും തിരിച്ചയച്ചപ്പോള്‍ മാത്രമാണ് അവാര്‍ഡ് തുക നഷ്ടമായ വിവരം പഞ്ചായത്ത് അധികൃതര്‍ അറിയുന്നത്. ആലോട്ട്മെന്റായി ലഭിച്ച തുക പഞ്ചായത്തിന്റെ സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാത്തതിനാലാണ് ഫണ്ട് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായത്. അന്നത്തെ പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന ഉദ്യോഗസ്ഥൻ ആണ് ഇതിന് കാരണക്കാരന്‍ എന്നാണ് മുസ്‌ലിം ലീഗ് മെമ്പര്‍മാര്‍ ആരോപിക്കുന്നത്. അതേസമയം സാംസ്കാരിക നിലയത്തിന്റെ നിര്‍മ്മാണ പ്രവൃത്തി നടത്തിയ കരാറുകാരന് പണം നല്‍കാന്‍ പഞ്ചായത്ത് മറ്റൊരു വഴി തേടുകയാണ്. പഞ്ചായത്ത്തിന്‍റെ സ്വന്തം ഫണ്ടില്‍ നിന്ന് പണം നല്‍കാനാണ് പഞ്ചായത്ത് ശ്രമം. ഇതു സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് പതിനഞ്ചിന് ചേര്‍ന്ന ഭരണ സമിതി യോഗം ലീഗ് മെമ്പര്‍മാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബഹളത്തില്‍ മുങ്ങി. ഏഴ് ലീഗ് മെമ്പര്‍മാരുടെ വിയോജനക്കുറിപ്പോടുകൂടിയാണ് ഭരണം സമിതി തീരുമാനമെടുത്തത്.  പഞ്ചായത്തിന്റെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച് പദ്ധതി പൂര്‍ത്തീകരിച്ച ഘട്ടത്തില്‍ പദ്ധതി ഫണ്ടിനെ കുറിച്ച് അജണ്ട വെക്കുന്നത് വിചിത്രമാണെന്ന് വിയോജന കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.