ഓഖി ചുഴലിക്കാറ്റ്: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി; പരിക്കേറ്റവര്‍ക്ക് 20,000 രൂപ


തിരുവനന്തപുരം: ചുഴലിക്കാറ്രിലും മഴക്കെടുതിയിലും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പത്ത്
ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാലാവസ്ഥക്കെടുതികളിൽ മരിച്ചവരുടെ ഉറ്റവർക്ക് ഇതുവരെ നാല് ലക്ഷം രൂപയായിരുന്നു നൽകിയിരുന്നത്. പരിക്കേറ്രവർക്ക് ആകെ 20,000 രൂപ വിതം നൽകും. നേരത്തെ പ്രഖ്യാപിച്ച 5,000രൂപയും മത്സ്യത്തൊഴിലാളി ക്ഷേമബോർഡിൽ നിന്ന് ലഭിക്കുന്ന 5,000 രൂപയും ഉൾപ്പെടെയാണിത്. ഈ 5,000 രൂപ മത്സ്യത്തൊഴിലാളികൾക്ക് മാത്രമേ ലഭിക്കൂ. പരിക്കേറ്ര എല്ലാവർക്കും സൗജന്യ ചികിത്സയും ഭക്ഷണവും നൽകും. തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഒരാഴ്ച സൗജന്യ റേഷൻ നൽകും. ബോട്ട് നഷ്ടപ്പെട്ടവർക്ക് മത്സ്യബന്ധനവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ന്യായമായ നഷ്ടപരിഹാരം നൽകും.

മഴയിലും കാറ്രിലും വീട് നഷ്ടപ്പെട്ട 529 കുടുംബങ്ങളെ 30 ദുരിതാശ്വാസ ക്യാമ്പുകളിലായി പാർപ്പിച്ചിട്ടുണ്ട്. ഇവർക്ക് ഭക്ഷണത്തിന് പുറമേ സൗജന്യമായി മരുന്നും നൽകും. ആരോഗ്യവകുപ്പും തീരദേശ മേഖലകളിൽ കാര്യമായ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളത്തിൽ പറഞ്ഞു. കാലാവസ്ഥ സംബന്ധിച്ച് മത്സ്യത്തൊഴിലാളികൾക്കായി ലഭിക്കുന്ന വിവരങ്ങൾ അവർക്ക് ഓരോരുത്തർക്കും കൃത്യമായി ലഭിക്കുന്നുണ്ടെന്നുറപ്പുവരുത്താൻ പ്രത്യേകം സംവിധാനമൊരുക്കും. ലക്ഷദ്വീപിലെത്തിയതായി വിവരം ലഭിച്ച കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ സംവിധാനമൊരുക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന എല്ലാവർക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു. കേന്ദ്രസംഘങ്ങൾ അഭിനന്ദനാർഹമായ സേവനമാണനുഷ്ഠിച്ചത്. സൈന്യം സജ്ജമായി നിന്നിരുന്നുവെങ്കിലും അവരുടെ സേവനം ആവശ്യമായി വന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

No comments

Powered by Blogger.