ഇരിട്ടിയില്‍ ഒരുകോടി രൂപയുടെ കുഴൽപണവും 10 കിലോഗ്രാം കഞ്ചാവും പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

ഇരിട്ടി: ക്രിസ്മസ് - ന്യൂ ഇയര്‍ ആഘോഷം പ്രമാണിച്ച് ഇരിട്ടി എക്‌സൈസ് സംഘം. സ്‌പെഷ്യല്‍ ഡ്രൈ വിന്റെ ഭാഗമായി കൂട്ടുപുഴ കര്‍ണ്ണാടക അതിര്‍ത്തിയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ ഒരു കോടി രൂപയുടെ കുഴല്‍പണം പിടികൂടി. ഇന്നു പുലര്‍ച്ചെ 3 മണിക്കാണ് വന്‍ കുഴല്‍പ്പണക്കടത്ത് പിടികൂടിയത്.
കര്‍ണ്ണാടകയില്‍ നിന്നും തലശ്ശേരി ഭാഗത്തേക്ക് കാറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണമാണ് ഇരിട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയിലത്തും സംഘവും പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് പാനൂര്‍ പെരിങ്ങത്തൂര്‍ കല്ലിങ്കല്‍ ഹൗസില്‍ കെ മുഹമ്മദി(48) നെ അറസ്റ്റ് ചെയ്തു.

പുലര്‍ച്ചെ 3 മണിക്ക് എക്‌സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെയാണ് കാറില്‍ കടത്തുകയായിരുന്ന പണം പിടികൂടിയത്. കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ റക്‌സിന്‍ കവറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ഇന്‍സ്‌പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസര്‍ ഒ.അബ്ദുള്‍ നിസാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോണി ജോസഫ് ,സജേഷ് പി.കെ, കെ.എന്‍.രവി, എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കര്‍ണ്ണാടകയില്‍ നിന്നും ഇരിട്ടി ഭാഗത്തേക്ക് ബസ്സില്‍ കടത്തുകയായിരുന്ന 10 കിലോഗ്രാം കഞ്ചാവ് ഇന്നു രാവിലെ 6 മണിയോടെ കിളിയന്തറ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ചാണ് എക്‌സൈസ് സംഘം പിടികൂടിയത്. സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വാഹന പരിശോധനയ്ക്കിടെയാണ് 10 ലക്ഷം രൂപ വിലവരുന്ന വന്‍ കഞ്ചാവ് ശേഖരം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പരപ്പനങ്ങാടി സ്വദേശി പഞ്ചാരന്റെ പുരയ്ക്കല്‍ മുബഷീറി (23)നെ എക്‌സൈസ് കിളിയന്തറ ചെക്ക് പോസ്റ്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ പി.രജിത്ത് കുമാര്‍ അറസ്റ്റ് ചെയ്തു. വാഹന പരിശോധനയില്‍ ഇന്‍സ്‌പെക്ടര്‍ക്കൊപ്പം പ്രിവന്റീവ് ഓഫീസര്‍ സര്‍വ്വജ്ഞന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷുഹൈല്‍, രജീഷ് രവീന്ദ്രന്‍, മുഹമ്മദ് ഹാരിഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് വന്‍ കഞ്ചാവ് കടത്ത് പിടികൂടുന്നത്. ഒരാഴ്ച്ച മുമ്പ് വാഹന പരിശോധനയ്ക്കിടെ ഇരിട്ടി പോലീസും വന്‍ കഞ്ചാവ് കടത്ത് പിടികൂടിയിരുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.