ഐസിസി ഏകദിന റാങ്കിംഗ് : കുതിച്ച് കയറി ഇന്ത്യൻ താരങ്ങൾ
ഐസിസി പുറത്തിറക്കിയ പുതിയ ഏകദിന റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് വൻ മുന്നേറ്റം. ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ  അഞ്ചാം സ്ഥാനത്തെത്തി മികച്ച നേട്ടം കൈവരിച്ചു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്ക് മുൻപ് ഏഴാം സ്ഥാനത്തായിരുന്ന രോഹിതിന് രണ്ടാം ഏകദിനത്തിലെ ഇരട്ട സെഞ്ചുറി പ്രകടനമാണ് രണ്ട് സ്ഥാനം മെച്ചപ്പെടുത്താൻ സഹായിച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തന്നെയാണ് ബാറ്റ്സ്മാന്മാരിൽ ഒന്നാമത്.

816 റേറ്റിംഗ് പോയിന്റുകളാണ് നിലവിൽ രോഹിതിനുള്ളത്. ഒന്നാം സ്ഥാനത്തുള്ള വിരാട് കോഹ്ലിക്ക് 876 പോയിന്റുകളും രണ്ടാം സ്ഥാനക്കാരൻ എബി ഡിവില്ലിയേഴ്സിന് 872 പോയിന്റുകളും കൈമുതലായുണ്ട്. ഇരുവർക്കുമൊപ്പം ഓസ്ട്രേലിയയുടെ ഡേവിഡ് വാർണറും, പാകിസ്ഥാന്റെ ബാബർ അസമുമാണ് റാങ്കിംഗിൽ രോഹിതിന് മുന്നിലുള്ളത്. ശ്രീലങ്കയ്ക്കെതിരെ പരമ്പരയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട ശിഖാർ ധവാനും റാങ്കിംഗിൽ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. നേരത്തെ പതിനഞ്ചാമതായിരുന്ന ധവാൻ പതിനാലാം സ്ഥാനത്താണ് ഇപ്പോൾ.

ലങ്കയ്ക്കെതിരെ മൂന്ന് മത്സരങ്ങളിൽ ആറു വിക്കറ്റുകൾ വീഴ്ത്തിയ യുവ സ്പിന്നർ യുസ്വേന്ദ്ര ചഹൽ 23 സ്ഥാനം മെച്ചപ്പെടുത്തി 28-മതായപ്പോൾ, 16 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ കുൽദീപ് യാദവ് കരിയറിലെ മികച്ച റാങ്കിംഗായ 56 ലെത്തി.

ടീമുകളുടെ റാങ്കിംഗിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ശ്രീലങ്കയെ 3-0 ന് തോൽപ്പിച്ചിരുന്നെങ്കിൽ ഒന്നാം സ്ഥാനംനേടാൻ കഴിയുമായിരുന്ന ഇന്ത്യ പക്ഷേ ധർമ്മശാലയിൽ നടന്ന ആദ്യ ഏകദിനത്തിൽത്തന്നെ പരാജയപ്പെട്ടിരുന്നു. 120 റേറ്റിംഗ് പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് ഏകദിന ടീം റാങ്കിംഗിൽ മുന്നിൽ നിൽക്കുന്നത്. ഇന്ത്യ 119 പോയിന്റോടെ രണ്ടാമതും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.