രഞ്ജിയിൽ വീണ്ടും ഗംഭീർ ഷോ

ഗൗതം ഗംഭീറിന്റെ സെഞ്ചുറിക്കരുത്തിൽ ബെംഗാളിനെതിരെ നടക്കുന്ന രഞ്ജി ട്രോഫി സെമി ഫൈനൽ മത്സരത്തിൽ ഡെൽഹി കുതിക്കുന്നു. എഴുപത്തിമൂന്നാം രഞ്ജി മത്സരം കളിക്കുന്ന ഗംഭീറിന്റെ ഇരുപതാം സെഞ്ചുറിയാണ് ബെംഗാളിനെതിരെ ഇന്ന് പൂനെയിലെ എം.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പിറന്നത്. ഈ മത്സരത്തോടെ രഞ്ജി ട്രോഫിയിൽ 6000 റൺസെന്ന നാഴികക്കല്ലും താരം പിന്നിട്ട് കഴിഞ്ഞു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബെംഗാൾ 286 റൺസിന് എല്ലാവരും പുറത്തായിരുന്നു. മറുപടിയായി ആദ്യ ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഡെൽഹി ഗംഭീറിന്റെയും, സഹ ഓപ്പണർ കൂനാൽ ചണ്ടേലയുടേയും സെഞ്ചുറിക്കരുത്തിൽ മികച്ച സ്കോറിലേക്കാണ് സഞ്ചരിക്കുന്നത്. വിക്കറ്റുകളൊന്നും നഷ്ടപെടാതെ 226 എന്ന നിലയിലാണ് അവർ ഇപ്പോൾ.

മുപ്പത്തിയാറുകാരനായ ഗംഭീർ ഒരു സമയം ഇന്ത്യൻ ടീമിന്റെ വിശ്വസ്തനായ ബാറ്റ്സ്മാനായിരുന്നു. ശിഖാർ ധവാനെയും രോഹിത് ശർമ്മയേയും പോലുള്ളവർ ഓപ്പണിംഗ് സ്ഥാനത്തേക്ക് എത്തിയപ്പോളാണ് ഗംഭീറിന് പതുക്കെ ടീമിൽ തന്റെ സ്ഥാനം നഷ്ടപ്പെടുന്നത്. 2016 ൽ രാജ്കോട്ടിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ് താരം ഇന്ത്യയ്ക്കായി അവസാനം കളിക്കുന്നത്.

രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനത്തിലൂടെ വീണ്ടും സെലക്ടർമാരുടെ ശ്രദ്ധയാകർഷിക്കുന്ന ഗംഭീറിന് പക്ഷേ ഇപ്പോളത്തെ അവസ്ഥയിൽ ഇന്ത്യൻ ടീമിലെത്തുക എന്നത് ഏറെ ദുഷ്കരമായി മാറാനാണ് സാധ്യത. പ്രത്യേകിച്ചും രഹാനെയെപ്പോലെ മികച്ച ഫോമിലുള്ളവർ പോലും അവസരം ലഭിക്കാതെ പുറത്തിരിക്കുന്ന സാഹചര്യത്തിൽ.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.