ബംഗാളിനെ എറിഞ്ഞു വീഴ്ത്തി ഡല്‍ഹി രഞ്ജി ഫൈനലില്‍
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബെംഗാളിനെ തകര്‍ത്ത് ഡല്‍ഹി ഫൈനലിലെത്തി. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്നിംഗ്‌സിനും 26 റണ്‍സിനുമായിരുന്നു ഡല്‍ഹിയുടെ വിജയം. രണ്ടാം ഇന്നിംഗ്‌സില്‍ സീനിയര്‍ താരം ഗൗതം ഗംഭീര്‍ നേടിയ സെഞ്ചുറിയുടെ മികവില്‍ ബംഗാളിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 286നെതിരെ 398 റണ്‍സാണ് ഡല്‍ഹി നേടിയത്.

112 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാമിന്നിംഗ്‌സിനിറങ്ങിയ ബംഗാള്‍ ബാറ്റിംഗ് നിര തകര്‍ന്നടിയുകയായിരുന്നു. ഡല്‍ഹിയുടെ നവ്‌നീത് സൈനിയും കുല്‍വന്ത് കെജ്‌റോളിയയും ചേര്‍ന്ന് എട്ടു വിക്കറ്റുകള്‍ പിഴുതതോടെ ബംഗാള്‍ വെറും 86 റണ്‍സിനാണ് കൂടാരം കയറിയത്. ആദ്യ ഇന്നിംഗ്‌സില്‍ മുഹമ്മദ് ഷമി ആറു വിക്കറ്റുകള്‍ നേടിയത് മാത്രമാണ് ബംഗാളിന് കളിയില്‍ ലഭിച്ച ഏക ആശ്വാസം.

പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹി രഞ്ജി ട്രോഫി ഫൈനലില്‍ എത്തുന്നത്. ഇതിന് മുമ്പ് 2007-08 സീസണില്‍ ഉത്തര്‍പ്രദേശിനെ പരാജയപ്പെടുത്തി ഡല്‍ഹി രഞ്ജി കിരീടം നേടിയിരുന്നു. ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന വിദര്‍ഭ – കര്‍ണാടക മത്സരത്തിലെ വിജയികളെയായിരിക്കും ഫൈനലില്‍ ഡല്‍ഹി നേരിടുക. ഡിസംബര്‍ 29ന് ഇന്‍ഡോറിലാണ് ഫൈനല്‍ മത്സരം.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.