കേരളത്തിന് ഇത്തവണ ഐപിഎല്‍ ലോട്ടറിയാകും!


പുതിയ സീസണിലേക്കുള്ള ഐപിഎല്‍ ലേലം ജനുവരി അവസാനം നടക്കാനിരിക്കെ കേരള താരങ്ങള്‍ ഇത്തവണ പ്രതീക്ഷയിലാണ്. രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയതോടെ സഞ്ജു സാംസണും ബേസില്‍ തമ്പിയും അടക്കമുള്ള താരങ്ങളെ ടീമിലെത്തിക്കാന്‍ ഐപിഎല്‍ ടീമുകളും തയാറെടുക്കുകയാണ്. ഇത്തവണ ഐപിഎല്‍ കളിക്കാന്‍ സാധ്യതയുള്ള മലയാളി താരങ്ങള്‍ ഇവരാണ്.

സഞ്ജു സാംസണ്‍

രാജസ്ഥാന്‍ റോയല്‍സിലും ഡല്‍ഹി ഡെയര്‍ഡെവിള്‍സിലും നിര്‍ണായക സാന്നിധ്യമായിരുന്ന സഞ്ജുവിന് വേണ്ടി ഇത്തവണയും ടീമുകള്‍ കോടികള്‍ മുടക്കാനാണ് സാധ്യത. പ്രത്യേകിച്ച്, രഞ്ജി ട്രോഫിയിലെ മിന്നും പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍. പഴയ ടീമായ രാജസ്ഥാന്‍ റോയല്‍സ് തന്നെ സഞ്ജുവിനെ സ്വന്തമാക്കാനുള്ള സാധ്യതയും വിദൂരമല്ല.

ബേസില്‍ തമ്പി

അരങ്ങേറ്റ ഐപിഎല്‍ സീസണില്‍ തന്നെ സ്വപ്നതുല്യമായ പ്രകടനമാണ് പെരുമ്പാവൂരില്‍ നിന്നുള്ള ഈ പേസ് ബൗളര്‍ നടത്തിയത്. ക്രിസ് ഗെയ്‌ലിന്റെ അടക്കം വിക്കറ്റ് നേടിയ ബേസിലിന് ഇത്തവണ പൊന്നുംവില ലഭിക്കും. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലിടം പിടിച്ചതോടെ സഞ്ജുവിന് പിന്നാലെ കോടിക്കിലുക്കം ബേസിലിനെയും കാത്തിരിക്കുന്നു.

സച്ചിന്‍ ബേബി

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്നു കഴിഞ്ഞ സീസണില്‍ സച്ചിന്‍ ബേബി. കുറച്ചു കളികളില്‍ അവസരം ലഭിച്ചെങ്കിലും കാര്യമായ പ്രകടനം നടത്താനായില്ല. എങ്കിലും ഇത്തവണ രഞ്ജി ട്രോഫിയില്‍ ഭേദപ്പെട്ട പ്രകടനമാണ് കേരള ക്യാപ്റ്റന്‍ നടത്തിയത്. മികച്ച ഇടംകൈയന്‍ ബാറ്റ്‌സ്മാനാണെന്നതും ഔട്ട്ഫീല്‍ഡില്‍ മികച്ച ഫീല്‍ഡറാണെന്നതും പ്ലസ് പോയിന്റ്.

സിജോമോന്‍ ജോസഫ്

കോട്ടയത്തു നിന്നുള്ള ഈ ഇടംകൈയന്‍ സ്പിന്നറാകും ഇത്തവണ ഐപിഎല്‍ ലേലത്തിലെ ശ്രദ്ധേയ താരങ്ങളിലൊരാള്‍. സ്പിന്നിന് അനുകൂലമായ പിച്ചില്‍ എല്ലാ ടീമുകളും സ്ലോ ബൗളര്‍മാരെ കൂടുതലായി ടീമില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ കളിച്ചിട്ടുള്ള സിജോമോന്‍ രഞ്ജിയില്‍ അരങ്ങേറ്റത്തില്‍ തന്നെ അഞ്ചുവിക്കറ്റ് വീഴ്ത്തിയിരുന്നു.

രോഹന്‍ പ്രേം

കേരള റണ്‍മെഷീന്‍ എന്നു വിളിപ്പേരുള്ള രോഹന് കുട്ടിക്രിക്കറ്റില്‍ അത്ര വലിയ റിക്കാര്‍ഡ് അവകാശപ്പെടാനില്ല. എന്നാല്‍ സാഹചര്യത്തിനൊത്ത് ബാറ്റ് വീശാനുള്ള കഴിവാണ് ഈ ഇടംകൈയന്‍ ബാറ്റ്‌സ്മാനെ വ്യത്യസ്തനാക്കുന്നത്. കൂറ്റന്‍ ഷോട്ടുകള്‍ ഉതിര്‍ക്കുന്നതില്‍ പരിമിതികളുണ്ടെങ്കിലും ഐപിഎല്‍ സ്വപ്നങ്ങള്‍ സജീവമാണ്. ഈ സീസണിലെ മികച്ച പ്രകടനം അതിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

വിഷ്ണു വിനോദ്

കഴിഞ്ഞ സീസണില്‍ ഏവരെയും ഞെട്ടിച്ചാണ് വിഷ്ണു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലെത്തിയത്. ചില മത്സരങ്ങളില്‍ ഓപ്പണറുടെ റോളിലെത്തിയെങ്കിലും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഇത്തവണ രഞ്ജിയില്‍ കാര്യമായ പ്രകടനങ്ങളൊന്നും നടത്തിയില്ലെങ്കിലും വിഷ്ണുവിന്റെ പവര്‍ഹിറ്റുകള്‍ അവഗണിക്കാനാകില്ല.ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.