ഇരുചക്ര വാഹന യാത്രക്കാർ ശ്രദ്ധിക്കുക. അപകടക്കെണി ഒരുക്കി കണ്ണൂരിലെ ചാല-നടാല്‍ ബൈപ്പാസ് റോഡ്

നടാൽ:ഇരുചക്രവാഹനങ്ങള്‍ക്ക് അപകടക്കുഴികളുമായി ചാല-നടാല്‍ ബൈപ്പാസ് റോഡ്. ചാല മുതല്‍ നടാല്‍വരെയുള്ള മൂന്ന് കി.മി. ദൂരം നിറയെ കുഴികളാണ്. ചെറുതും വലുതുമായ 20-ഓളം കുഴികള്‍ ഇവിടെയുണ്ട്. ഇരുചക്ര വാഹനയാത്രക്കാര്‍ക്കാണ് കുഴികള്‍ കൂടുതല്‍ ഭീഷണിയായിട്ടുള്ളത്. വേഗതയില്‍ വരുന്ന വാഹനങ്ങള്‍ റോഡിലെ കുഴികളില്‍പ്പെടുന്നു. ആറുമാസം മുന്‍പ് കുഴിയില്‍ വീണ ബൈക്കില്‍നിന്ന് തെറിച്ചുവീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചിരുന്നു. കുഴികളില്‍ വീഴുന്ന സ്‌കൂട്ടറുകളില്‍നിന്ന് തെറിച്ചുവീണ് പരിക്കേറ്റവര്‍ നിരവധിയാണ്. രാത്രിയിലാണ് കൂടുതല്‍ അപകടവും നടക്കുന്നത്. എതിരെ വരുന്ന വാഹനങ്ങളുടെ വെളിച്ചത്തില്‍ കുഴികള്‍ കാണാന്‍ സാധിക്കുന്നില്ല. കുഴികള്‍ ഒഴിവാക്കാന്‍ വാഹനങ്ങള്‍ വെട്ടിക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഈ വര്‍ഷം ആറുതവണ റോഡിലെ കുഴിയടക്കല്‍ നടന്നു. കുഴിയടച്ച് രണ്ട് ദിവസം കഴിയുമ്പോള്‍ത്തന്നെ റോഡ് പിന്നെയും പഴയപടിയാകും. ബൈപ്പാസ് റോഡ് റീ ടാര്‍ ചെയ്തിട്ട് രണ്ട് വര്‍ഷത്തിലധികമായി. റോഡില്‍ പല സ്ഥലത്തും ടാര്‍ ഇല്ലാതെയായി. റോഡിന്റെ റീടാറിങ് ഉടന്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.