ഇരിട്ടി മുഴക്കുന്ന് മാമ്പറത്ത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു

മുഴക്കുന്ന് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മാമ്പറത്തെ വിജനമായ പ്രദേശത്തുള്ള ആളൊഴിഞ്ഞ വീട്ടുപറമ്പില്‍ നിന്നാണ് 3 സ്റ്റീല്‍ ബോംബ്, 4 സ്റ്റീല്‍ കണ്ടെയ്‌നറുകള്‍, ആണികള്‍, വെടിമരുന്ന്, നൂല്‍, വെള്ളാരം കല്ലുകള്‍, പൈപ്പുകള്‍ എന്നിവ കണ്ടെടുത്തത്.
ഇന്ന് രാവിലെ 10.45 ഓടെ മുഴക്കുന്ന് എസ് ഐ രാജേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധന നടത്തവെയാണ് പൈപ്പിനകത്താക്കി കുഴിച്ചിട്ട സ്റ്റീല്‍ ബോംബുകളും മറ്റ് നിര്‍മ്മാണ സാമഗ്രികളും കണ്ടെത്തിയത്. ആള്‍ പാര്‍പ്പില്ലാത്ത ഇടിഞ്ഞുപൊളിഞ്ഞ വീടിന്റെ സമീപത്ത് ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ബോംബുകള്‍.
മുഴക്കുന്ന് എസ് ഐയോടൊപ്പം കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും തെരച്ചിലില്‍ പങ്കെടുത്തു. കസ്റ്റഡിയിലെടുത്ത ബോംബ് ഈയടുത്ത കാലത്ത് നര്‍മ്മിച്ചതും ഉഗ്രശേഷിയുള്ളതുമാണ്. ഇവ നിര്‍വ്വീര്യമാക്കാനുള്ള ശ്രമത്തിലാണ് ബോംബ് സ്‌ക്വാഡ്. വീടുകളൊന്നുമില്ലാത്ത വിജനമായ ഈ പ്രദേശം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.