ഗുജറാത്തില്‍ ആറാം തവണയും ബിജെപി; ഹിമാചലിലും അധികാരത്തിലേക്ക്


ന്യൂഡൽഹി ∙ കടുത്ത തിരഞ്ഞെടുപ്പു പോരാട്ടത്തിനൊടുവിൽ ഗുജറാത്തിലും അഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷം ഹിമാചൽ പ്രദേശിലും ഭരണമുറപ്പിച്ച് ബിജെപി. ഗുജറാത്തിൽ തുടർച്ചയായ ആറാം തവണയാണ് ബിജെപി അധികാരത്തിലേക്ക് വരുന്നത്. വോട്ടെണ്ണലിൽ ഒരു ഘട്ടത്തിൽ പിന്നിട്ടുനിന്നശേഷം ലീഡ് തിരിച്ചുപിടിച്ചാണ് ബിജെപി ഗുജറാത്തിൽ ഭരണമുറപ്പിച്ചത്. നിലവിൽ 103 സീറ്റിൽ ബിജെപിയും 76 സീറ്റിൽ കോൺഗ്രസും മൂന്നിടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുകയാണ്. ആകെ 182 സീറ്റുകളുള്ള ഗുജറാത്തിൽ കേവലഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്.

അതേസമയം, ഹിമാചൽ പ്രദേശിൽ ബിജെപി തുടക്കം മുതലേ ലീ‍ഡ് ചെയ്യുകയാണ്. അവിടെ കേവലഭൂരിപക്ഷത്തിന് ആവശ്യമായ 35 സീറ്റുകളും പിന്നിട്ട് ബിജെപി മുൻതൂക്കം നേടിക്കഴിഞ്ഞു. തുടക്കത്തിൽ മുന്നിലായിരുന്ന ബിജെപി ആ ലീഡ് കൈവിടാതെയാണ് മുന്നേറുന്നത്. ഇവിടെ കോൺഗ്രസിന് ഭരണം നഷ്ടപ്പെടുമെന്ന് വ്യക്തമായിട്ടുണ്ട്.
വിജയിക്കാനായില്ലെങ്കിലും മികച്ച മുന്നേറ്റുണ്ടാക്കാന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്. വടക്കന്‍ ഗുജറാത്തിലും സൗരാഷ്ട്രയിലും കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചു. ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായി. 150 വരെ സീറ്റ് നേടുമെന്ന ബിജെപിയുടെ വിശ്വാസത്തിന് തിരിച്ചടിയുണ്ടാക്കാനായി എന്നതാണ് പ്രധാന നേട്ടം.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.