ബാബ്‌റി മസ്ജിദ് പൊളിച്ച കര്‍സേവകരില്‍ മൂന്നു പേര്‍ ഇസ്ലാംമതം സ്വീകരിച്ചു

ന്യൂഡൽഹി: ബാബ്റി മസ്ജിദ് പൊളിയ്ക്കാൻ പങ്കുചേർന്ന മൂന്ന് കർസേവകർ ഇസ്ലാം മതം സ്വീകരിച്ചതായി റിപ്പോർട്ട്.പള്ളി പൊളിച്ചതിന് പ്രായശ്ചിത്തമായി 100 പള്ളികൾ പണിയുമെന്ന് ശപഥമെടുത്തിരിക്കുകയാണ് ഇവരിൽ രണ്ടുപേർ. പാനിപ്പത്തിൽ നിന്നുള്ള ശിവസേനാ നേതാവായിരുന്ന ബൽബീർ സിങ്, യോഗേന്ദ്രപാൽ, ശിവപ്രസാദ് എന്നിവരാണ് തങ്ങളുടെ പ്രവൃത്തിയിൽ അഭിമാനിക്കുകയല്ല മാനസികവേദന അനുഭവിക്കുകയാണെന്ന് തുറന്നു സമ്മതിച്ചിരിക്കുന്നത്.ഡെയ്ലി ന്യൂസ് അനാലിസിസാണ് ഇക്കാര്യം പുറത്തുവിട്ടത്. 1992 ഡിസംബർ 6ന് ബാബ്റി മസ്ജിദിന്റെ മിനാരത്തിലേക്ക് ചാടിക്കയറിയ ആളായിരുന്നു ബൽബീർ സിങ്. പള്ളി പൊളിച്ചതിനു ശേഷം ജന്മനാട്ടിലെത്തിയ ബൽബീറിന് വീരോചിത സ്വീകരണമാണ് ലഭിച്ചത്. അന്ന് കൊണ്ടുവന്ന രണ്ട് ഇഷ്ടികകൾ പാനിപ്പത്തിലെ ശിവസേന ഓഫീസിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. കുറച്ചുനാൾ കഴിഞ്ഞപ്പോൾ മുസ്ലീം പണ്ഡിതനായ മൗലാനാ കലീം സിദ്ദിഖിയെ പരിചയപ്പെട്ടതാണ് ബൽബീറിന്റെ ജീവിതം മാറ്റിമറിച്ചത്. അദ്ദേഹത്തിന്റെ മതപ്രഭാഷണങ്ങളിൽ ആകൃഷ്ടനായ ബൽബീർ ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് ആമിർ ആയി മാറി. പാനിപ്പത്ത് വിട്ട് ഹൈദരാബാദിലെത്തുകയും ഒരു മുസ്ലീംയുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. ബൽബീറിന്റെ സഹപ്രവർത്തകനായിരുന്ന യോഗേന്ദ്രപാലും ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് ഉമറായി മാറി. മരിക്കുന്നതിന് മുമ്പ് 100 പള്ളികൾ നവീകരിക്കുകയോ നിർമ്മിക്കുകയോ ചെയ്യുമെന്നാണ് ഇരുവരുടെയും ശപഥം.അതിൽ 40 എണ്ണത്തിൽ പങ്കുചേർന്നതായി ഇവർ അവകാശപ്പെടുന്നു.ഇസ്ലാം മതത്തെക്കുറിച്ച് പഠിപ്പിക്കുന്നതിനായി ഒരു സ്കൂളും ബൽബീർ ആരംഭിച്ചിട്ടുണ്ട്. അയോധ്യയിൽ നിന്നുള്ള ബജ്റംഗ്ദൾ പ്രവർത്തകനമായിരുന്ന ശിവപ്രസാദും ഇങ്ങനെ മനംമാറ്റം ഉണ്ടായ വ്യക്തിയാണ്. ബാബ്റി മസ്ജിദ് പൊളിയ്ക്കാൻ 4000 കർസേവകർക്ക് പരിശീലനം നൽകിയ ആളാണ് താനെന്ന് ശിവപ്രസാദ് പറയുന്നു.എന്നാൽ, പള്ളി പൊളിച്ചതിനു ശേഷം ഇയാൾ കടുത്ത വിഷാദത്തിനടിപ്പെട്ടു. വിവിധ ചികിത്സകൾ തേടേണ്ടി വരികയും നിരവധി മരുന്നുകൾ കഴിയ്ക്കുകയും ചെയ്തു. തുടർന്നാണ് മനംമാറ്റം വന്നതും ഇസ്ലാമിലേക്ക് ആകൃഷ്ടനാവുകയും ചെയ്തതെന്നും ഡിഎൻഎ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. 1997ൽ ഷാർജയിലേക്ക് പോയ ശിവപ്രസാദം 1999ൽ മതം മാറി മുഹമ്മദ് മുസ്തഫയായി. നാട്ടിലേക്ക് വന്നാൽ കൊല്ലുമെന്നുള്ള ഭീഷണി വരെ കർസേവകരുടെ ഭാഗത്തുനിന്ന് ഇയാൾക്കുണ്ടായി

No comments

Powered by Blogger.