കണ്ണൂർ സർവകലാശാലയുടെ മൂല്യനിർണ്ണയം നടത്താത്ത ഉത്തരക്കടലാസ് വഴിയിൽ നിന്നും കളഞ്ഞ് കിട്ടി.

കണ്ണൂർ∙ ഫലം പ്രസിദ്ധീകരിച്ച പരീക്ഷയുടെ മൂല്യനിർണയം നടത്താത്ത ഉത്തരക്കടലാസ് വഴിയിൽനിന്നു കളഞ്ഞുകിട്ടി. സർവകലാശാല ബിരുദ ഫലം തടഞ്ഞുവച്ച വിദ്യാർഥിയുടെ ഉത്തരക്കടലാസ് തപാൽ മാർഗം കെഎസ്‌യു ഓഫിസിലാണെത്തിയത്. വഴിയിൽനിന്നു കളഞ്ഞുകിട്ടിയതെന്ന കുറിപ്പോടെയാണ് ലഭിച്ചത്.

തുടർന്ന് കെഎസ്‌യു പ്രവർത്തകർ ഇതു സർവകലാശാലയിലെത്തിച്ചു. സർവകലാശാല നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസ് തന്നെയാണെന്നു പ്രാഥമിക പരിശോധനയിൽ വ്യക്തമായി. ഉത്തരക്കടലാസുകൾ കൈകാര്യം ചെയ്യുന്നതിൽ സർവകലാശാലയ്ക്കു വീഴ്ചപറ്റിയെന്നാരോപിച്ച് കെഎസ്‌യു പ്രവർത്തകർ വൈസ് ചാൻസലറെ ഉപരോധിച്ചു.

സംഭവത്തിൽ വൈസ് ചാൻസലർ അന്വേഷണത്തിന് ഉത്തരവിട്ടു.മാനന്തവാടി ഗവ. കോളജിലെ ബിഎ ഇംഗ്ലിഷ് വിദ്യാർഥിയായ ടോം കെ.ഷാജിയുടെ ആറാം സെമസ്റ്റർ ഫിലിം സ്റ്റഡീസിന്റെ ഉത്തരക്കടലാസാണു കെഎസ്‌യു കണ്ണൂർ ജില്ല കമ്മിറ്റി ഓഫിസിലെത്തിയത്. ആറാം സെമസ്റ്റർ പരീക്ഷഫലം ജൂൺ 26നു സർവകലാശാല പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ഈ വിദ്യാർഥിയുടെ ഫലം തടഞ്ഞിരുന്നു.

പ്രോജക്ട് സമർപ്പിക്കാത്തതിനാലാണു ഫലം തടഞ്ഞുവച്ചതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാൽ  ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനാലാണു പരീക്ഷഫലം പ്രസിദ്ധീകരിക്കാൻ കഴിയാത്തതെന്നു ഇന്നലെ വ്യക്തമായി. ഭിന്നശേഷിക്കാരനായ ഈ വിദ്യാർഥി സഹായിയെ ഉപയോഗിച്ചെഴുതിയ ഉത്തരക്കടലാസാണു നഷ്ടമായത്. 27 പേരാണു മാനന്തവാടിയിലെ പരീക്ഷ സെന്ററിൽ പരീക്ഷയെഴുതിയത്.

രേഖകളനുസരിച്ച് മുഴുവൻ ഉത്തരക്കടലാസുകളും സർവകലാശാലയിൽ എത്തിയിട്ടുണ്ട്. എന്നാൽ, ഇതിൽ ഒരു പേപ്പർ മാത്രമായി എങ്ങനെ നഷ്ടപ്പെട്ടുവെന്നാണ് അന്വേഷിക്കുന്നത്. പിവിസി ഡോ. ടി.അശോകനാണ് അന്വേഷണച്ചുമതല. ഫാൾസ് നമ്പർ രേഖപ്പെടുത്താത്തതിനാൽ മൂല്യനിർണയത്തിന് അയയ്ക്കുന്നതിനു മുൻപുതന്നെ ഉത്തരക്കടലാസ് നഷ്ടപ്പെട്ടുവെന്നാണു നിഗമനം.

ഇരുപത്തഞ്ചോളം ഉത്തരക്കടലാസുകൾ ലഭിച്ചെന്നും അതിൽ ഒരെണ്ണം മാത്രമാണു കെഎസ്‌യു ഓഫിസിലേക്ക് അയയ്ക്കുന്നതെന്നും ഉത്തരക്കടലാസിനൊപ്പമുള്ള കുറിപ്പിലുണ്ട്. എന്നാൽ, ഒരു ഉത്തര പേപ്പർ മാത്രമേ നഷ്ടമായിട്ടുള്ളുവെന്നാണു സർവകലാശാലയുടെ നിലപാട്. ഉപരോധസമരത്തിനു കെഎസ്‌യു ജില്ല പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി.അബ്ദുൽ റഷീദ്, സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ.അതുൽ, സെക്രട്ടറി എം.കെ.വരുൺ, സുധീപ് ജയിംസ്, ഫർസീൻ മജീദ് എന്നിവർ നേതൃത്വം നൽകി.

No comments

Powered by Blogger.