കണ്ണൂർ നഗരത്തിൽ കുട്ടിയെ തട്ടികൊണ്ട് പോയെന്ന് വാട്സപ്പിൽ വ്യാജ പ്രചരണം

കണ്ണൂർ നഗരത്തിൽ ഇന്നലെ ഉച്ചയോടെ പ്ലാസ ജംക്‌ഷനു സമീപമുള്ള സിറ്റി സെന്ററിനു മുന്നിൽനിന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചാരണം നടന്നത്. ഒരാൾ പൊലീസിനെ ഫോണിൽ വിളിക്കുന്നതും സംഭവം നടന്നെന്ന പൊലീസിന്റെ മറുപടിയും ഓഡിയോ രൂപത്തിൽ സമൂഹമാധ്യമത്തിൽ പ്രചരിച്ചതും ആശങ്ക വർധിപ്പിച്ചു.
.
സംശയാസ്പദമായ സാഹചര്യത്തിൽ ഒരു സ്ത്രീയുടെ കൂടെ കുട്ടിയെ കണ്ട് വ്യാപാരികൾ ചോദ്യം ചെയ്തതിനെ തുടർന്ന് കുട്ടിയെയും കൊണ്ട് സ്ത്രീ ഓടിരക്ഷപ്പെട്ടതായ വാർത്തയും ഇതിനിടെ പ്രചരിച്ചു. തുടർന്ന് ടൗൺ പൊലീസ് സ്റ്റേഷനിലേക്കും സ്കൂളുകളിലേക്കും രക്ഷിതാക്കളുടെ ഫോൺ വിളികളുടെ പ്രവാഹമായിരുന്നു. വാർത്ത വ്യാജമാണെന്ന് പൊലീസിൽ നിന്ന് നേരിട്ട് അറിഞ്ഞതോടെയാണ് പലർക്കും സമാധാനമായത്. ഇത്തരം വ്യാജ പ്രചാരണങ്ങൾ വ്യാപകമാകുന്നത് യഥാർഥ സംഭവങ്ങൾ നടന്നാലും വിശ്വസിക്കാതിരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുമെന്നു പൊലീസ് പറയുന്നു.

അടുത്തിടെ പൊലീസ് കൺട്രോൾ റൂമുകളിലും അഗ്നിശമനസേന ഓഫിസുകളിലും വ്യാജ സന്ദേശങ്ങൾ എത്തുന്നത് പതിവാകുന്നുണ്ട്. തീപിടിച്ചതായും അപകടങ്ങൾ നടന്നതായുമുള്ള ഫോൺ വിളികൾ ഉണ്ടായതിനെ തുടർന്ന് പരക്കം പാഞ്ഞെങ്കിലും ഒന്നുമില്ലാതെ തിരിച്ചുവന്ന ഒന്നിലേറെ സംഭവങ്ങൾ അഗ്നിശമന സേനയ്ക്ക് ഉണ്ടായിട്ടുണ്ട്. ‍ചലച്ചിത്ര താരങ്ങളുടെ കുട്ടിക്കാലത്തെ പടങ്ങൾ ഡൗൺ ലോഡ് ചെയ്ത് വിവിധ കേന്ദ്രങ്ങളിൽ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടികൾ എന്നു കാണിച്ചുള്ള പ്രചാരണവും സമൂഹ മാധ്യമങ്ങളിൽ വ്യാപകമാണ്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.