ഓഖി ചുഴലിക്കാറ്റ്; കാണാതായത് 262 ബോട്ടുകൾ; മരണം 9 ആയി

കടലിൽ ശക്തമായ കാറ്റും മഴയും... രക്ഷാപ്രവർത്തനം നടക്കുന്നില്ലെന്ന് പൂന്തുറയിൽ മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങൾ

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ അകപ്പെട്ട് കടലിൽ കാണാതായ ബോട്ടുകൾ 262 എണ്ണം. അതേസമയം രക്ഷാപ്രവർത്തനത്തിന് ശക്തമായ കാറ്റും മഴയും വെല്ലുവിളി ഉയർത്തുന്നുണ്ട്. ഉൾക്കടലിൽ നിന്ന് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയ പതിനാറ് പേരിൽ ഒരാൾ മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ആകെ മരണം ഒൻപതായി.

ഓഖി ചുഴലിക്കൊടുങ്കാറ്റ് വീശിയ മേഖലയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിഗതികൾ വിലയിരുത്തി. പ്രശ്നം അതീവ ഗുരുതരമാണെന്ന് സംസ്ഥാന സർക്കാർ നേരത്തേ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു. കൂടുതൽ എയർക്രാഫ്റ്റുകളുടെ സഹായം കേന്ദ്രത്തോട് അഭ്യർത്ഥിച്ചതായി നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.
59 പേരെ നേവിയും കോസ്റ്റ് ഗാർഡും ചേർന്ന് നടത്തിയ രക്ഷിച്ചിരുന്നു. ഇവരെ തീരത്ത് എത്തിച്ചു. പൂന്തുറയിൽ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങൾ അസ്വസ്ഥരാണ്. ഇവർ ഇവിടെ ശക്തമായ പ്രതിഷേധം നടത്തുകയാണ്. രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികളും കുടുംബാംഗങ്ങളും പ്രതിഷേധിക്കുന്നത്.

ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം 250 മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായിട്ടുണ്ട്. അതേസമയം കടലിൽ കാറ്റ് കൂടുതൽ ശക്തിയാർജിക്കുന്ന സ്ഥിതിയാണ്. ഇതിനാൽ ഹെലികോപ്റ്ററുകൾക്ക് വേണ്ടവിധത്തിൽ ഇവിടെ ഇടപെടാൻ സാധിക്കുന്നില്ല.

No comments

Powered by Blogger.