കണ്ണൂരിന്റെ ദുരിതം അവസാനിക്കാൻ പോകുന്നു. കണ്ണൂരിൽ ഫ്ലൈ ഓവർ യാഥാർഥ്യമാകുന്നു. 255.39കോടി രൂപയുടെ പുതുക്കിയ അടങ്കലിനു ഭരണാനുമതി

കണ്ണൂർ ∙ നഗരത്തിന്റെ മുഖഛായ മാറ്റാനും ഗതാഗതക്കുരുക്കു പരിഹരിക്കാനുമായി നിർദേശിക്കപ്പെട്ട തെക്കിബസാർ – താണ ഫ്ലൈഓവറിന് 255.39കോടി രൂപയുടെ പുതുക്കിയ അടങ്കലിനു ഭരണാനുമതി. കൊയിലി ആശുപത്രിക്കു സമീപത്തു നിന്നു ദേശീയപാതയുടെ മുകളിലൂടെ കാൽടെക്സ് വഴി താണ വരെ 3.45 കിലോമീറ്ററാണു ഫ്ലൈഓവർ നിർമിക്കുക.

കിഫ്ബിയിൽ നിന്നാണു പദ്ധതിക്കു പണം കണ്ടെത്തുക. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും നിരന്തരം ചർച്ച നടത്തിയാണു പുതുക്കിയ അടങ്കലിനു ഭരണാനുമതി നേടിയത്. നേരത്തേ മേലെചൊവ്വ, തെക്കിബസാർ ഫ്ലൈഓവറുകൾ ബജറ്റിൽ പ്രഖ്യാപിക്കുകയും 30കോടി രൂപയുടെ ഭരണാനുമതി നൽകുകയും ചെയ്തിരുന്നു.

കേരള റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനെ വിശദ പദ്ധതിരേഖ തയാറാക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. വിശദ പദ്ധതിരേഖയിൽ തെക്കിബസാർ – താണ ഫ്ലൈഓവറിന്റെ മാത്രം അടങ്കൽ തുക 255.39 കോടി രൂപയായി. മേലെചൊവ്വ ഉയർന്ന പ്രദേശമായതിനാൽ ഫ്ലൈഓവർ സാധ്യമല്ലെന്നും അണ്ടർപാസാണു യോജിച്ചതെന്നുമാണു റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷന്റെ കണ്ടെത്തൽ. ഇതിനായി 80 കോടിയോളം രൂപയുടെ അടങ്കൽ തയാറാക്കിയിട്ടുണ്ട്.

ഇത് അടുത്തു തന്നെ കിഫ്ബി പരിഗണിക്കും. 100കോടി രൂപയിൽ താഴെയുള്ള പദ്ധതിയായതിനാൽ, കിഫ്ബിക്കു നേരിട്ടു പരിഗണിച്ച് അനുമതി നൽകാവുന്നതേയുള്ളുവെന്ന് അധികൃതർ പറഞ്ഞു. രണ്ടു പദ്ധതികളും യാഥാർഥ്യമാകുന്നതോടെ, നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ദേശീയപാതയുടെ മുകളിലൂടെയായതിനാൽ, ഒഴിപ്പിക്കലും ഭൂമിയേറ്റെടുക്കലും കാര്യമായി വേണ്ടിവരില്ല.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.