ജര്‍മനിയിൽ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതക പരമ്പര :ബോറടി മാറ്റാനെന്ന് പ്രതി


ബെര്‍ലിന്‍: ജര്‍മനിയിലെ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതക പരമ്പര. ആശുപത്രിയില്‍ ചികില്‍സയിലുള്ള നൂറിലധികം രോഗികളെ ഇവിടെ ജോലി ചെയ്ത പുരുഷ നഴ്‌സ് കൊലപ്പെടുത്തിയതായി കണ്ടെത്തി. 41 കാരനായ നീല്‍സ് ഹോഗെലാണ് ഇത്രയുമധികം രോഗികളെ കൊലപ്പെടുത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞത്.
ബ്രെമന്‍ നഗരത്തിന് വടക്കേയറ്റത്തുള്ള ഡെല്‍മെന്‍ഹോസ്റ്റ് ആശുപത്രിയിലും ഒല്‍ഡെന്‍ബര്‍ഗിലെ ആശുപത്രിയിലുമാണ് അസ്വാഭാവിക മരണങ്ങള്‍ നടന്നത്. 2015ല്‍ രണ്ടു കൊലപാതകങ്ങളിലും നാലു കൊലപാതക ശ്രമങ്ങളിലും ഇയാളെ കുറ്റവാളിയായി കണ്ടെത്തിയിരുന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന രോഗികളെയാണ് അന്ന് ഹോഗെല്‍ കൊലപ്പെടുത്തുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത്. പോലീസ് നടത്തിയ തുടരന്വേഷ്വത്തിലാണ് 90ല്‍ അധികം രോഗികളെ കൂടി ഇയാള്‍ കൊല ചെയ്തതായി തെളിഞ്ഞത്.
ബോറടി മാറ്റാനാണ് ഇത്രയും പേരെ കൊലപ്പെടുത്തിയതെന്ന് ഹോഗെല്‍ കോടതിയില്‍ പറഞ്ഞു. ആശുപത്രിയിലെ അസ്വാഭാവിക മരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് ഇവ കൊലപാതകങ്ങളാണെന്ന് തെളിഞ്ഞത്. മാരകമായ മരുന്നുകള്‍ കുത്തിവച്ചാണ് താന്‍ രോഗികളെ കൊലപ്പെടുത്തിയതെന്ന് ഹോഗെല്‍ വെളിപ്പെടുത്തി. ആശുപത്രിയിലെ 106 കൊലപാതകങ്ങള്‍ക്കും പിന്നില്‍ ഇയാളാണെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഇനിയും കൊലപാതകങ്ങള്‍ ഇയാള്‍ ചെയ്തിതിട്ടുണ്ടോയെന്ന് അറിയാന്‍ കൂടുതല്‍ മൃതദേഹങ്ങള്‍ പരിശോധനയ്ക്കു വിധേയമാക്കാനൊരുങ്ങുകയാണ് പോലീസ്. 1999 മുതല്‍ 2005 
വരെയുള്ള കാലയളവില്‍ രണ്ടു ആശുപത്രികളിലാണ് ഹോഗെല്‍ ജോലി ചെയ്തത്. രണ്ടിടങ്ങളിലും ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമായി.
പോലീസിന്റെ ചോദ്യം ചെയ്യലിലാണ് താന്‍ രോഗികളെ കൊലപ്പെടുത്തിയ രീതി പ്രതി വിശദീകരിച്ചത്. മാരകമായ മരുന്ന് കുത്തിവയ്ക്കുന്നതോടെ രോഗികളുടെ ഹൃദയസ്തംഭനമുണ്ടാവുകയും ഇതു മരണത്തിലേക്കു നയിക്കുകയും ചെയ്യുമെന്നു ഹോഗെല്‍ പറഞ്ഞു. രോഗികളെ മരുന്ന് കുത്തിവച്ച ശേഷം അവരെ രക്ഷിക്കാനുള്ള ശ്രമം നടത്തി ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ ഒരു രക്ഷകന്റെ പരിവേഷമുണ്ടാക്കാനും താന്‍ ശ്രമിച്ചിരുന്നതായി ഇയാള്‍ വെളിപ്പെടുത്തി.
ബോറടി മാറ്റുന്നതിനു വേണ്ടിയാണ് താന്‍ ഈ തരത്തില്‍ പെരുമാറിയത്. കൊലപ്പെടുത്താന്‍ ശ്രമിച്ച രോഗിയെ രക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ തനിക്കു കഴിഞ്ഞാല്‍ അത് സന്തോഷം നല്‍കിയിരുന്നതായും മരിക്കുകയാണെങ്കില്‍ മനക്ലേശമുണ്ടായിരുന്നതായും പ്രതി പറഞ്ഞു.
2005 ജൂണില്‍ ഒരു രോഗിയെ ഹോഗെല്‍ കുത്തിവയ്ക്കുന്നത് ആശുപത്രിയിലെ മറ്റൊരു നഴ്‌സ് നേരില്‍ കണ്ടതോടെയാണ് കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നത്. അന്ന് ഹോഗല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച രോഗി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഹോഗെലിനെ 2008ല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ കോടതി ഏഴര വര്‍ഷത്തെ തടവിനു ശിക്ഷിക്കുകയും ചെയ്തിരുന്നു. ഹോഗെലിന്റെ അറസ്റ്റും വാര്‍ത്തയുമെല്ലാം പരസ്യമായതോടെ ഒരു യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. തന്റെ രോഗബാധിതയായ അമ്മയെ ഹോഗെല്‍ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി യുവതി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് മരിച്ച രോഗികളുടെ മൃതശരീരം പരിശോധിച്ചപ്പോള്‍ ഇവയില്‍ അഞ്ചെണ്ണത്തിലും മാരകമായ മരുന്ന് കുത്തി വച്ചതായി കണ്ടെത്തി. 

2015ലാണ് ഹോഗെലിനെ ജയിലില്‍ അടച്ചത് . ഇയാള്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടാവാമെന്ന് അന്നു തന്നെ സംശയങ്ങളുണ്ടായിരുന്നു. ഹോഗെല്‍ യഥാര്‍ഥത്തില്‍ എത്ര പേരെ വധിച്ചുവെന്നതിന് കൃത്യമായ കണക്കില്ലെന്നും പല മൃതദേഹങ്ങളും നേരത്തേ തന്നെ അടക്കം ചെയ്തതായും അന്വേഷണസംഘം വ്യക്തമാക്കി. ഹോഗെല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഇത്രയുമധികം അസ്വാഭാവിക മരണങ്ങള്‍ സംഭവിച്ചിട്ടും ഇതിനെതിരേ ഒന്നും ചെയ്യാതിരുന്നതിന് നിരവധി സീനിയര്‍ മെഡിക്കല്‍ സ്റ്റാഫുമാരും കേസില്‍ വിചാരണ നേരിട്ടുന്നുണ്ട്.

No comments

Powered by Blogger.