കണ്ണൂർ ബസ്സപകടം: ഞെട്ടിത്തരിച്ച്‌ ഒരു ഗ്രാമം

കണ്ണൂർ: ബസിന് പിന്നിലേക്ക് നിയന്ത്രണം വിട്ട മറ്റൊരു ബസ് ഇടിച്ചുകയറി അഞ്ചുപേര്‍ മരിച്ചതറിഞ്ഞ് ഞെട്ടിത്തരിച്ച്‌ ഒരു ഗ്രാമം. സംഭവസ്ഥലത്തും പരുക്കേറ്റവരെ പ്രവേശിപ്പിച്ച പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും ഓടിയെത്തിയതു നൂറുകണക്കിനാളുകൾ. ബസിന്റെ ടയർ പഞ്ചറായതിനെത്തുടർന്ന്, അടുത്ത ബസ് കാത്തുനിന്ന ഉമ്മയും മകനും അടക്കം അഞ്ചു പേർ പിന്നാലെ എത്തിയ സ്വകാര്യ ബസിടിച്ചു മരിച്ചു. എട്ടു പേർ സാരമായ പരുക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പാപ്പിനിശ്ശേരി റെയിൽവേ ഗേറ്റിനു സമീപം മുസ്തഫ(58), ഏഴോം സ്വദേശിനിയും പുതിയങ്ങാടി ജമാഅത്ത് സ്കൂൾ അധ്യാപികയുമായ സുബൈദ (40), മകൻ മുഫീദ്(18), ചെറുകുന്ന് അമ്പലപ്പുറം സ്വദേശിയും ഗ്രാഫിക് ഡിസൈനറുമായ സുജിത് പട്ടേരി (35), ചെറുവത്തൂരിലെ വ്യാപാരി പയ്യന്നൂർ പെരുമ്പ സ്വദേശി കോളയത്ത് കരീം(35) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയാണ് അപകടം.

പയ്യന്നൂരിൽ നിന്നു പഴയങ്ങാടിയിലേക്കുള്ള അൻവിത എന്ന ബസിന്റെ ടയർ മണ്ടൂ‍ർ ടൗണിനടുത്ത് കേടായിരുന്നു. ഈ ബസിൽ നിന്നിറങ്ങിയ യാത്രക്കാർ അഞ്ചു മിനിറ്റിനു ശേഷം ഇതേ റൂട്ടിൽ വന്ന വിഘ്നേശ്വര എന്ന ബസിന് കൈകാണിച്ചു. അമിതവേഗത്തിൽ വന്ന ബസ് ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. നിർത്തിയിട്ട അൻവിതയിലും ഇടിച്ച ശേഷമാണ് വിഘ്നേശ്വര ബസ് നിന്നത്. ഓടിയൊളിച്ച ഡ്രൈവർ ദേർമാൽ രുധീഷ്(25) പിന്നീടു പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
മരിച്ചവരെ തിരിച്ചറിയാൻ വൈകിയതു കൂടുതൽ പരിഭ്രാന്തിക്കിടയാക്കി. പഴയങ്ങാടിയിലേക്കുള്ള ബസിലെ യാത്രക്കാരാണ് അപകടത്തിൽപെട്ടത് എന്നു മാത്രമായിരുന്നു ആദ്യം പുറത്തുവന്ന വിവരം. അതോടെ സമീപപ്രദേശങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരായി. ജോലി കഴിഞ്ഞു വീട്ടിലെത്താൻ വൈകിയവരെ തിരഞ്ഞു ബന്ധുക്കളും സുഹൃത്തുക്കളും അപകടസ്ഥലത്തേക്കും പരിയാരം മെഡിക്കൽ കോളജിലേക്കും ഒഴുകി. കൃത്യമായ വിവരങ്ങൾ ഔദ്യോഗികമായി ലഭിക്കാതെ ജനങ്ങൾ വലഞ്ഞപ്പോൾ, സ്ഥലത്തെത്തിയ ജനപ്രതിനിധികളാണു ലഭ്യമായ വിവരങ്ങൾ പൊതുജനങ്ങളോടു പങ്കുവച്ചത്.

ടി.വി.രാജേഷ് എംഎൽഎ വിവരമറിഞ്ഞ് ഉടൻ പരിയാരത്തെത്തി.എംപിമാരായ പി.കെ.ശ്രീമതി, പി.കരുണാകരൻ, സി.കൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഭാവതി, ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം, ഡിവൈഎസ്പി കെ.വി.വേണുഗോപാൽ, തളിപ്പറമ്പ് സിഐ പി.കെ.സുധാകരൻ, കോൺഗ്രസ് നേതാക്കളായ എം.പി.ഉണ്ണിക്കൃഷ്ണൻ, കെ.ബ്രിജേഷ്കുമാർ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

No comments

Powered by Blogger.