ഡിസംബര്‍ നാലിന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുംന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുൽ ഗാന്ധിയുടെ വരവിന് ഔദ്യോഗിക അംഗീകാരം. കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിനാണ് വിജ്ഞാപനം. നാലിനു നാമനിർദേശപത്രിക സ്വീകരിക്കും. മറ്റു സ്ഥാനാർഥികളില്ലെങ്കിൽ അന്നുതന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും. സ്ഥാനാർഥികളുണ്ടെങ്കിൽ ഡിസംബർ 16ന് തിരഞ്ഞെടുപ്പ് നടത്തും. 19ന് ഫലം പ്രഖ്യാപിക്കും. ഡിസംബർ 31നകം തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കും.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക വസതിയായ 10, ജൻപഥിൽ ചേർന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. രാഹുലിന്റെ അധ്യക്ഷനാക്കുന്നതിനുള്ള പ്രമേയം യോഗത്തിൽ പാസാക്കി. ഡിസംബർ ഒൻപതിനാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ്. ഇതിനുമുൻപ് രാഹുൽ അധ്യക്ഷനാകണമെന്ന വികാരം പാർട്ടിക്കുള്ളിൽ ശക്തമായിരുന്നു.

അതേസമയം, രാഹുൽ ഗാന്ധി ഒഴിയുന്ന ഉപാധ്യക്ഷ സ്ഥാനത്തേക്കു മുതിർന്ന നേതാവ് എ.കെ. ആന്റണിയെ പരിഗണിച്ചേക്കും. അനാരോഗ്യം കാരണം സോണിയ ഗാന്ധി തിരക്കുകളിൽനിന്നു പിൻവാങ്ങുമ്പോൾ രാഹുലിനു മാർഗനിർദേശം നൽകാൻ ഒരു മുതിർന്ന നേതാവു കൂടെയുണ്ടാകണമെന്ന വാദം പാർട്ടിക്കുള്ളിലുണ്ട്. പുതിയ നേതാവിന്റെ ഓഫിസിനു ‘രാഷ്ട്രീയ കാര്യക്ഷമത’ ഉറപ്പാക്കേണ്ടതുമുണ്ട്. ഇപ്പോൾ രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത യുവാക്കളാണ് ഓഫിസിന്റെ അമരത്ത്. രാഹുലിനു മാർഗനിർദേശം നൽകാൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് വർഷങ്ങൾക്കു മുൻപുതന്നെ സന്നദ്ധത ‌പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇപ്പോൾ മൻമോഹന്റെ ആരോഗ്യസ്ഥിതിയും മോശമാണ്.

No comments

Powered by Blogger.