പയ്യാവൂർ ബാബു വധം; കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഭാര്യയും സഹായിയും കസ്റ്റഡിയിൽശ്രീകണ്ഠപുരം: പയ്യാവൂര്‍ പാറക്കടവില്‍ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ തോണിപ്പാറയില്‍ ബാബുവിന്റെ (52) മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട് പോലീസ് സര്‍ജന്‍ പി. ഗോപാലകൃഷ്ണപിള്ള ഇന്നു രാവിലെ ശ്രീകണ്ഠപുരം സിഐ വിവി. ലതീഷിന് കൈമാറി.

ഉറക്കത്തില്‍ തോര്‍ത്തോ, കയറോ ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കഴുത്തില്‍ മുറിവേറ്റതിന്റെ പാടുമുണ്ട്. നാവ് കടിച്ച നിലയില്‍ പുറത്തേക്ക് തള്ളിയാണ് മൃതദേഹമുണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ ജാന്‍സിയെയും വെന്പുവ സ്വദേശിയായ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും വിശദമായി ചോദ്യം ചെയ്തു വരികയാണ്.

ഇന്നലെ രാവിലെ ഏഴോടെയാണ് ബാബുവിനെ വീടിനകത്ത് കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ജാന്‍സി വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെത്തുകയായിരുന്നു. കമിഴ്ന്നു കിടന്ന നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പതിവായി വീട്ടില്‍ വഴക്ക് നടക്കാറുള്ളതായി നാട്ടുകാര്‍ അറിയിച്ചതോടെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഉച്ചയോടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിടുകയായിരുന്നു.

കണ്ണൂര്‍ നിന്നും ഡോഗ് സ്‌ക്വാഡ് സംഘം ഇന്ന് രാവിലെ വീട്ടില്‍ പരിശോധന നടത്തി. ഉച്ചയോടെ വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തും. ടാപ്പിംഗ് തൊഴിലാളിയായിരുന്ന ബാബു കഴിഞ്ഞ രണ്ടാഴ്ചയായി പയ്യാവൂര്‍ ടൗണിലെ ചിക്കന്‍ സ്റ്റാളില്‍ തൊഴിലാളിയാണ്.

No comments

Powered by Blogger.