ബൈക്കിലെത്തി മാലമോഷണം; രണ്ടുപേര്‍ അറസ്റ്റില്‍: പിടികൂടിയവർ നിരവധി കേസുകളിലെ പ്രതികൾപഴയങ്ങാടി: സ്ത്രീയുടെ താലിമാല ബൈക്കിലെത്തി കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.ഈമാസം ഏഴിന് മാടായിക്കാവില്‍ ദര്‍ശനംനടത്തി മടങ്ങുകയായിരുന്ന അതിയടത്തെ വീരന്‍ചിറയിലെ ചേണിച്ചേരി സുമതി(49)യുടെ മൂന്നരപ്പവന്‍ സ്വര്‍ണമാല എരിപുരം റസ്റ്റ് ഹൗസിനടുത്തുവെച്ച് ബൈക്കിലെത്തിയ ഇവര്‍ പൊട്ടിക്കുകയായിരുന്നു. വെങ്ങര വെള്ളച്ചാലിലെ സി.കെ.യദുകൃഷ്ണന്‍ (29), തൃക്കരിപ്പൂര്‍ ഇളമ്പച്ചിയിലെ ബി.മുബാറക് (19) എന്നിവരെ പഴയങ്ങാടി എസ്.ഐ. പി.ബി.സജീവ് അറസ്റ്റുചെയ്തു.

പിടിവലിയില്‍ ഒരുപവനോളംവരുന്ന മാലയുടെ കഷ്ണം റോഡില്‍ വീണിരുന്നു. ഇതും കൈക്കലാക്കാന്‍ മോഷ്ടാക്കള്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ബൈക്കില്‍ രക്ഷപ്പെട്ട ഇരുവരും പയ്യന്നൂരെ ഒരു ജ്വല്ലറിയില്‍ മാല വിറ്റു. ആലക്കോട് ലഡാക്കില്‍ വാടക ക്വാര്‍ട്ടേഴ്‌സിലുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ നിരവധി മോഷണക്കേസുകളിലെ പ്രതികളാണെന്ന് മനസ്സിലായത്. പഴയങ്ങാടിയിലെ സംഭവത്തിന് തലേന്നാള്‍ നീലേശ്വരം ഉപ്പിലക്കൈയിലെ അധ്യാപികയുടെ അഞ്ചുപവന്‍ സ്വര്‍ണമാല കവരാന്‍ ശ്രമിച്ചിരുന്നു. പിടിവിലയില്‍ ടീച്ചര്‍ നിലത്തുവീണെങ്കിലും മാലയുടെ ചെറിയ കഷ്ണംമാത്രമാണ് മോഷ്ടാക്കള്‍ക്ക് ലഭിച്ചത്. കഴിഞ്ഞമാസം ആലക്കോട് കുട്ടാപറമ്പില്‍ പള്ളിയില്‍ പോവുകയായിരുന്ന സ്ത്രീയുടെ രണ്ടുപവനും വായാട്ടുപറമ്പ് താവുകുന്നിലെ അങ്കണവാടി ഹെല്‍പ്പറുടെ മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണമാലയും കവര്‍ന്നതും ഇവരാണെന്ന് പോലീസ് പറഞ്ഞു. തൃക്കരിപ്പൂരിലെ പെട്രോള്‍ പമ്പ് ഉടമയുടെ കൈയില്‍നിന്ന് മൂന്നരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഇവര്‍ ജയിലിലായിരുന്നു. യദുകൃഷ്ണനെതിരേ രാമന്തളിയിലെ ഒരാളെ മാരകമായി പരിക്കേല്‍പ്പിച്ചതിന് പയ്യന്നൂര്‍ പോലീസില്‍ കേസ് നിലവിലുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ 30-ന് പയ്യന്നൂരിലെ സഹകരണ ആസ്​പത്രിക്ക് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ചിരുന്നു. ഈ ബൈക്കിന്റെ നമ്പര്‍ മാറ്റിയാണ് പിടിച്ചുപറി നടത്തിയിരുന്നത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.വി.രമേശന്‍, ജാബിര്‍, ഷാജിമോന്‍, മനോജന്‍, സജീവന്‍ എന്നിവരാണ് മോഷ്ടാക്കളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

No comments

Powered by Blogger.