വിമാനത്താവളത്തിനടുത്തെ ഭൂമി വ്യാജ രേഖകൾ ഉപയോഗിച്ചു തട്ടിയെടുത്തു: പ്രതിയെ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു


മട്ടന്നൂർ∙ കണ്ണൂർ വിമാനത്താവളത്തിനു സമീപം കോടികൾ വിലമതിക്കുന്ന സ്ഥലം വ്യാജ രേഖകൾ ഉപയോഗിച്ചു തട്ടിയെടുത്തതായി കേസ്. സംഭവവുമായി ബന്ധപ്പെട്ടു കാസർകോട് പാണത്തൂരിലെ മാവുങ്കാൽ കുന്നിൽ വീട്ടിൽ എം.കെ.മുഹമ്മദ് ഹാരിഫി(39)നെ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. ജ്വല്ലറി കവർച്ചാക്കേസിലെ പ്രതികൂടിയാണ് ഇയാൾ. കൂട്ടുപ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

കീഴല്ലൂർ പഞ്ചായത്തിലെ എളമ്പാറ ക്ഷേത്രത്തിനടുത്തു വിമാനത്താവള മതിലിനോടു ചേർന്നുള്ള റീ സർവേ 81/2 ൽപെട്ട  50 സെന്റ് സ്ഥലമാണ് തട്ടിയെടുത്തത്. പ്രവാസി വ്യവസായിയും കണ്ണൂർ കണ്ണപുരം സ്വദേശിയുമായ മോഹനൻ വാഴവളപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് ഇത്.  സ്ഥലം ഉടമ മോഹനനാണെന്ന വ്യാജേന കണ്ണൂർ  സ്വദേശിയാണ് ഭൂമി തട്ടിപ്പിലെ സൂത്രധാരനെന്നു പൊലീസ് അറിയിച്ചു. വിദേശത്തുള്ള മോഹനനാണെന്നു കാണിച്ച് കണ്ണൂർ സ്വദേശിയാണ് ആദ്യം ഭൂമി കൈക്കലാക്കിയത്.

മോഹനന്റെ തിരിച്ചറിയൽ കാർഡും മറ്റു രേഖകളും വ്യാജമായി നിർമിച്ചും ഫോട്ടോയിൽ കൃത്രിമം കാണിച്ചുമാണു സ്ഥലം തട്ടിയെടുത്തത്.  റജിസ്ട്രാർ ഓഫിസിൽ നിന്നു സ്ഥലത്തിന്റെ രേഖയുടെ പകർപ്പ് എടുത്തും ഒറിജിനൽ ആധാരം നഷ്ടപ്പെട്ടതായി കാണിച്ചു പത്രത്തിൽ പരസ്യം നൽകിയും കണ്ണൂരിലെ ഒരു നോട്ടറിയെക്കൊണ്ടു സാക്ഷ്യപ്പെടുത്തിയുമായിരുന്നു തട്ടിപ്പ്.കണ്ണൂർ സ്വദേശി മോഹനനെന്ന പേരിൽ സ്ഥലം പാണത്തൂരിലെ  മുഹമ്മദ് ഹാരിഫിനു വിൽപന നടത്തുകയായിരുന്നു. സെന്റിന്  80,000 രൂപ കണക്കാക്കിയാണ് മുഹമ്മദ് ഹാരിഫിനു സ്ഥലം വിൽപന നടത്തിയത്.

തുടർന്നു ഹാരിഫ് ഇരിട്ടി സ്വദേശിയും  ബിസിനസുകാരനുമായ അബ്ദുല്ലയ്ക്കു മറിച്ചുവിൽക്കാൻ തീരുമാനിച്ചിരുന്നു. നാലു ലക്ഷം അഡ്വാൻസ് അബ്ദുല്ലയിൽ നിന്നു ഹാരിഫ് വാങ്ങുകയും ചെയ്തിരുന്നു. സ്ഥലം വാങ്ങിയ  ആൾ സ്ഥലത്തെത്തി മണ്ണുനീക്കൽ പണി ചെയ്യുമ്പോഴാണ് വിൽപന വിവരം നാട്ടുകാർ അറിയുന്നത്.

സംശയം തോന്നിയ നാട്ടുകാരിൽ ചിലർ വിദേശത്തുള്ള മോഹനനെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണു വ്യാജരേഖ ചമച്ചാണു സംഘം ഭൂമി കൈക്കലാക്കിയതെന്നു മനസ്സിലാകുന്നത്.തുടർന്നു മട്ടന്നൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു കൂടുതൽ പേർ ഉണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.

No comments

Powered by Blogger.