അഫ്ഗാൻ ചാനലിൽ ഐഎസ് ഭീകരാക്രമണം; സംപ്രേഷണം പുനരാരംഭിച്ച് ‘തിരിച്ചടി’...


കാബൂൾ∙ അഫ്ഗാനിസ്ഥാനിലെ ഷംഷാദ് ടെലിവിഷൻ ചാനൽ ആസ്ഥാനത്ത് ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ഇരുപതിലേറെപ്പേർക്കു പരുക്കേറ്റു. ഇതിൽ ആറുപേരുടെ നില ഗുരുതരമാണ്. മൂന്നു മണിക്കൂർ നീണ്ട ഭീകരാക്രമണം അവസാനിച്ചതിനു തൊട്ടുപിന്നാലെ സംപ്രേഷണം പുനരാരംഭിച്ച ചാനൽ, ഭീകരർക്കു മുന്നിൽ മുട്ടുമടക്കില്ലെന്നു പ്രഖ്യാപിച്ചു. മുറിവേറ്റു കെട്ടിവച്ച കൈയുമായി സ്ക്രീനിലെത്തിയ അവതാരകൻ, ഭീകരാക്രമണം അവസാനിച്ചതായി ലോകത്തെ അറിയിച്ചു.

പൊലീസ് വേഷത്തിലെത്തിയ ഭീകരരാണ് തോക്കും ഗ്രനേഡുകളുമായി ആക്രമണം നടത്തിയത്. അഫ്ഗാൻ സേന മൂന്നു മണിക്കൂർ ശ്രമത്തിനൊടുവിൽ ഭീകരരെ തുരത്തി. തൊട്ടുപിന്നാലെ സ്ക്രീനിലെത്തിയ അവതാരകൻ ഇങ്ങനെ പറഞ്ഞു: ‘‘ആക്രമണം അവസാനിച്ചു. ഞങ്ങളെല്ലാം തിരിച്ചെത്തി. എല്ലാ മാധ്യമപ്രവർത്തകരും സഹപ്രവർത്തകരും ജോലി പുനരാരംഭിച്ചു.’’

സ്റ്റേഷൻ കവാടത്തിൽ ചാവേറുകളിലൊരാൾ സ്വയം സ്ഫോടനം നടത്തുകയും മറ്റൊരാൾ അകത്തു കടന്നു ജീവനക്കാരെ വെടിവയ്ക്കുകയുമായിരുന്നു. തുടർന്ന് അയാൾ മട്ടുപ്പാവിലേക്കു കയറി സുരക്ഷാ ഭടന്മാർക്കുനേരെ നിറയൊഴിച്ചു. രണ്ടിലേറെ അക്രമികളുണ്ടായിരുന്നുവെന്നു ചില ദൃക്സാക്ഷികൾ പറഞ്ഞു. പിന്നീടു ടിവി സ്റ്റേഷൻ പരിപാടികൾ പുനരാരംഭിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനുനേർക്കുള്ള ആക്രമണമാണിതെന്നും ആർക്കും തങ്ങളെ നിശ്ശബ്ദരാക്കാനാവില്ലെന്നും സ്റ്റേഷൻ ന്യൂസ് ഡയറക്ടർ ആബിദ് ഇഹ്സാസ് പറഞ്ഞു.

No comments

Powered by Blogger.