സഞ്ചാരികളുടെ മനം കവർന്ന് കാനായി കാനം

കണ്ണൂർ ജില്ലയിലെ പയ്യന്നുരിനടുത്തുള്ള കാനായി എന്ന സ്ഥലത്താണ് കാനായി കാനം സ്ഥിതി ചെയ്യുന്നത്. പയ്യന്നൂർ സിറ്റിയിൽ നിന്നും ഏകദേശം 10 കിലോമീറ്റർ ദൂരത്തിലുള്ള  കാനായി കാനം ഏവരുടെയും മനസ്സിനെ ആനന്ദഭരിതമാക്കുന്ന ഉല്ലാസ കേന്ദ്രമാണ്.

പ്രകൃതിരമണീയമായ ഈ ഭൂപ്രദേശത്തിലെ വെള്ളച്ചാട്ടമാണ് പ്രധാനമായും സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്.ഒരു ചെറിയ വന പ്രദേശമാണ് കാനായി കാനം.നിരവധി ഔഷധ സസ്യങ്ങളിൽ തഴുകി വരുന്ന ജലത്തിൽ സ്നാനം ചെയ്യുമ്പോൾ ആരോഗ്യവും ഊർജ്ജവും കൂടാതെ മനസ്സിന് ഏറെ സന്തോഷവും ലഭിക്കുന്നു.

വൃക്ഷങ്ങളും വള്ളികളും ഇഴചേർന്നു ശുദ്ധവായു പ്രധാനം ചെയ്യുന്ന പ്രകൃതി അനുഗ്രഹിച്ചു തന്ന കാനായി കാനത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്.അവധി ദിവസങ്ങൾ ഉല്ലാസഭരിതമാക്കാൻ ഇവിടേക്ക് കാസർഗോഡ്,കണ്ണൂർ,കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ നിന്നും നിരവധി ആളുകളാണ് എത്തിച്ചേരുന്നത്. വിദ്യാർത്ഥികൾ സംഘങ്ങളായ് എത്തിച്ചേരുന്നത് അവധി ദിവസങ്ങളിലെ നിത്യ കാഴ്ചയാണ്.കുട്ടികളെ കൂടാതെ മുതിർന്നവരും കുടുംബസമേതം ഉല്ലാസത്തിനായ് കാനായി കാനത്തെ തിരഞ്ഞെടുക്കുന്നു. അപൂർവങ്ങളായ മത്സ്യ സമ്പത്തും ഇവിടെ ഉണ്ട്. വേനൽക്കാലത്തും ഇവിടെ ജലം ലഭ്യമാണ്. എന്നാൽ മഴ ശക്തി പ്രാപിച്ച സമയങ്ങളിൽ ഇതിന്റെ രൗദ്രഭാവം കാണാൻ സാധിക്കും.അതിനാൽ ശക്തിയേറിയ മഴക്കാലത്തു ഇവിടെ വരാതിരിക്കുന്നതാണ് നല്ലത്.

ഈ പ്രകൃതി സൗന്ദര്യം നിലനിർത്തുന്നതിനായി നാട്ടുകാർ ചേർന്ന് രണ്ട് ഏക്കർ ഭൂമി ഏറ്റെടുക്കുകയും പ്രത്യേക പരിഗണന നൽകി സംരക്ഷിക്കുകയും ചെയ്യുന്നു.

ഇവിടെ എത്തുന്ന സഞ്ചാരികൾക്കായി ജലവിനിയോഗ സംരക്ഷണ സമിതി കാനായി,നിർദ്ദേശ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.സഞ്ചാരികളുടെ അറിവിലേക്കായി ആ നിർദ്ദേശങ്ങൾ ചുവടെ കൊടുക്കുന്നു.
1) മദ്യ,ലഹരി വസ്തുക്കളുടെ ഉപയോഗം കർശനമായി നിരോധിച്ചിരിക്കുന്നു.
2) വന,ജൈവ,ജീവ,ജല സമ്പത്ത് നശിപ്പിക്കാതിരിക്കുക.
3)  നിശബ്ദത പാലിക്കുക,പ്ലാസ്റ്റിക്, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ വലിച്ചെറിയരുത്.
4)  2 മണിക്ക് ശേഷമുള്ള സന്ദർശനം നിരോധിച്ചിരിക്കുന്നു.
5)  കാനത്തിലും പരിസര പ്രദേശങ്ങളിലും മലമൂത്ര വിസർജ്ജനം പാടില്ല.
6)  സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചു മീൻ പിടിക്കാൻ പാടില്ല.

ലോക സഞ്ചാര ഭൂപടത്തിൽ ഇടം നേടിയിട്ടില്ലെങ്കിലും ഇവിടെ എത്തിച്ചേരുന്ന ഓരോ ആളുകളുടെ മനസ്സിൽ   മായാതെ നിൽക്കും കാനായി കാനം എന്ന ഈ കൊച്ചു ഗ്രാമവും വെള്ളച്ചാട്ടവും.

No comments

Powered by Blogger.