തൃശൂരിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചുതൃശൂർ ∙ കേരളത്തെ ഞെട്ടിച്ച് വീണ്ടുമൊരു രാഷ്ട്രീയ കൊലപാതകം കൂടി. ഗുരുവായൂർ നെന്മിനിയിൽ ആർഎസ്എസ് പ്രവർത്തകനാണ് വെട്ടേറ്റു മരിച്ചത്. നെന്മേനി സ്വദേശി ആനന്ദാണ് കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകനായിരുന്ന ഫാസിൽ വധക്കേസ് പ്രതിയാണ് കൊല്ലപ്പെട്ട ആനന്ദ്.

ഇന്ന് ഉച്ചകഴിഞ്ഞ് 1.30ഓടെ ആനന്ദ് ബൈക്കിൽ വരുമ്പോഴായിരുന്നു സംഭവം. പിന്നാലെ കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചിട്ടു. തുടർന്ന് ബൈക്കിൽനിന്നും തെറിച്ചുവീണ ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സിപിഎം പ്രവർത്തകനായിരുന്ന ഫാസിൽ നാലു വർഷം മുൻപ് കൊല്ലപ്പെട്ട കേസിൽ പ്രതിയായിരുന്നു ഇയാൾ. അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. വിവരമറിഞ്ഞ പൊലീസ് സംഘം സംഭവസ്ഥലത്തേക്കു പുറപ്പെട്ടു. സിപിഎം പ്രവർത്തകരാണ് സംഭവത്തിനു പിന്നിലെന്ന് പ്രാദേശിക ബിജെപി നേതൃത്വം ആരോപിച്ചു.

No comments

Powered by Blogger.