തലശ്ശേരിയുടെ ചരിത്രവും പൈതൃകവും സഞ്ചാരികൾക്കും നാട്ടുകാർക്കും പരിചയപ്പെടുത്താൻ "തലശ്ശേരി പൈതൃകം ടൂറിസം പദ്ധതി"


തലശ്ശേരിയുടെ സാംസ്കാരിക  പൈതൃകം സംരക്ഷിച്ചുകൊണ്ട്, തലശ്ശേരിയുടെ ചരിത്രവും പൈതൃകവും സഞ്ചാരികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിനോദ സഞ്ചാര വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് തലശ്ശേരി പൈതൃക ടൂറിസം പദ്ധതി.
     മലബാറിന്റെ ഗതാഗത ചരിത്രത്തിലെ നാഴികകല്ലായിരുന്ന, ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിക്കപ്പെട്ട ധർമ്മടത്തെ പഴയ മൊയ്തു പാലം, വാണിജ്യ-വ്യാപാര കേന്ദ്രമായിരുന്ന തലശ്ശേരി പിയർ, കടൽപ്പാലം, പഴയ ഫയർ ടാങ്ക് എന്നിവയുടെ സംരക്ഷണം, മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മറക്കാനാവാത്ത സംഭാവനകൾ നൽകിയ ഡോ: ഹെർമൻ ഗുണ്ടർട്ടിന്റെ സ്മരണകൾ ഉറങ്ങുന്ന ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവിന്റെ സംരക്ഷണവും, ഭാഷാ മ്യൂസിയമാക്കി വികസിപ്പിക്കൽ മുതലായ പദ്ധതികളാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്.

    പൈതൃക - ടൂറിസം പദ്ധതിയുടെ പ്രാധാന്യം പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിനും, തലശ്ശേരിയുടെ ചരിത്രവും പൈതൃകവും സഞ്ചാരികൾക്കും പൊതുജനങ്ങൾക്കും മുന്നിൽ അവതരിപ്പിച്ച് കൂടുതൽ ജനകീയ വൽക്കരിക്കുന്നതിനുമായി, ടൂറിസം വകുപ്പ് കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (DTPC) സഹകരണത്തോടെ  ഹൈസ്ക്കൂൾ - ഹയർ സെക്കണ്ടറി - കോളജ് വിദ്യാർത്ഥികൾക്കായി പെയിന്റിംഗ്, മത്സരം സംഘടിപ്പിച്ചു.

     2017 നവമ്പർ 18 ശനിയാഴ്ച രാവിലെ 10 മണിക്ക് തലശ്ശേരി ഓവർ ബെറിസ് ഫോളിയിൽ വച്ചാണ് മത്സരങ്ങൾ നടത്തിയത്. ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്ന വിജയികൾക്ക് യഥാക്രമം 10000/-, 5000/-, 3000/- രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും  നൽകുന്നതാണ്.

No comments

Powered by Blogger.