തലശ്ശേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട; രണ്ടുപേർ പിടിയിൽ


കണ്ണൂര്‍: തലശേരിയില്‍നിന്നു മൂന്നു കോടി 25 ലക്ഷം രൂപയുടെ കുഴല്‍ പണം പിടികൂടി.
ഇന്നു രാവിലെ ഒന്‍പതു മണിയോടെ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് പണം പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ടു കോഴിക്കോട് കൊടുവള്ളി സ്വദേശികളായ കരുവംപൊയിലിലെ ഇക്ബാല്‍, ഓമശ്ശേരിയിലെ മുഹമ്മദ് ഷാലിക്ക് എന്നിവരെ അറസ്റ്റ് ചെയ്തു.
തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്.
ബംഗളൂരുവില്‍നിന്നു വരികയായിരുന്ന യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍നിന്ന് ഇറങ്ങിയ രണ്ടു യുവാക്കളെ പരിശോധിച്ചപ്പോഴാണ് അവരുടെ കയ്യിലുണ്ടായിരുന്ന 3 ബാഗുകളില്‍ നിന്നായി 2000,500,100 നോട്ടുകളുടെ കെട്ടുകള്‍ കണ്ടെടുത്തത്.
ബംഗളൂരുവില്‍ കൊണ്ടുപോയി സ്വര്‍ണം വിറ്റുകിട്ടിയ പണമാണിതെന്നാണ് പ്രതികള്‍ പൊലിസിനു നല്‍കിയ മൊഴി.
പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും കണ്ടെടുത്ത പണം എന്‍ഫോസ്‌മെന്റിന് കൈമാറുമെന്നും ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാം പറഞ്ഞു.
തലശേരി സി.ഐ കെ.ഇ പ്രേമചന്ദ്രന്‍ ,എസ്.ഐ .അനില്‍കുമാര്‍ ,എ.എസ്.ഐ അജയകുമാര്‍ , ആര്‍പിഎഫ് എ.എസ്.ഐ സുനില്‍ കുമാര്‍ എന്നിവരും കുഴല്‍പ്പണം പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

No comments

Powered by Blogger.