തളിപ്പറമ്പിലെ വഖഫ് ഭൂമിയിലെ അനധികൃത നിര്‍മ്മാണം; യൂത്ത് ലീഗ് നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു

തളിപ്പറമ്പ് : വഖഫ് ഭൂമി കൈയ്യേറി നടത്തുന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ നോട്ടീസില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് തളിപ്പറമ്പ് മുനിസിപ്പല്‍ മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. തളിപ്പറമ്പ് ശ്രീകണ്ഠാപുരം സംസ്ഥാന പാതയില്‍ നിന്ന് സര്‍ സയ്യ്ദ് കോളേജ് റോഡിലാണ് വഖഫ് ഭൂമി കൈയ്യേറി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ഇവിടെ 147/1A സര്‍വ്വേ നമ്പറില്‍പ്പെട്ട 80 സെന്റ് ഭൂമി അനധികൃതമായി കൈവശം വച്ച് വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ കെട്ടിടം പണിയുന്നതായി കണ്ടെത്തിയിരുന്നു. വഖഫ് ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്‍. സുബൈര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് വഖഫ് ബോര്‍ഡില്‍ 202/RA നമ്പറായി രജിസ്റ്റര്‍ ചെയ്ത തളിപ്പറമ്പ് ജുമാ അത്ത് പളളിക്ക് അവകാശപ്പെട്ട ഭൂമിയില്‍ കൈയ്യേറ്റം നടന്നതായി ബോധ്യമായത്.
ഈ സാഹചര്യത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തളിപ്പറമ്പ് നഗരസഭയില്‍ നിന്നും നല്‍കിയ അനുമതി റദ്ദ് ചെയ്യണമെന്നും ആരുടെ അപേക്ഷയിലാണ് അനുമതി നല്‍കിയതെന്ന വിവരവും ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് കേരള സംസ്ഥാന വഖഫ് ബോര്‍ഡ് ഡിവിഷണല്‍ ഓഫിസര്‍ കത്ത് നല്‍കിയിട്ടും ഇതുവരെ നടപടി ഉണ്ടായില്ല. കൂടാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യുന്നുണ്ട്.

ആഗസ്ത് മാസത്തില്‍ നല്‍കിയ നോട്ടീസില്‍ ഇതുവരെ നടപടിയെടുക്കാത്തതില്‍ എല്ലാ വിഭാഗം ജനങ്ങളും അമര്‍ഷത്തിലാണെന്നും പ്രശ്‌നത്തില്‍ അടിയന്തിര നടപടിയായി നഗരസഭ നേരത്തേ നല്‍കിയ കെട്ടിട നിര്‍മ്മാണ അനുമതി റദ്ദ് ചെയ്യണമെന്നുമാണ് തളിപ്പറമ്പ് മുനിസിപ്പല്‍ മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കി.

യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ സുബൈര്‍, മണ്ഡലം പ്രസിഡണ്ട് പി.സി നസീര്‍, ഓലിയന്‍ ജാഫര്‍, എന്‍.യു ഷഫീഖ്, ഉസ്മാന്‍ കൊമ്മച്ചി, സി. മുഹമ്മദ് അഷറഫ്, കെ.മുനീര്‍, പി.പി അബ്ദുറഹ്മാന്‍, പി.കെ മുഹമ്മദ് അഷ്‌റഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments

Powered by Blogger.