തളിപ്പറമ്പ: കുപ്പത്തെ ഓട്ടോഡ്രൈവറുടെ മരണത്തിന് പിന്നില്‍ സദാചാര ക്വട്ടേഷന്‍ സംഘം


: കുപ്പത്തെ ഓട്ടോഡ്രൈവറുടെ മരണത്തിന് പിന്നില്‍ സദാചാര ക്വട്ടേഷന്‍ സംഘം.  സംഘത്തിലെ മുഴുവനാളുകളെയും തിരിച്ചറിഞ്ഞ സാഹചര്യത്തില്‍  പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകും. ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണത്തിലാണ് കേസ് തെളിഞ്ഞത്്.
ചുടല കപ്പണത്തട്ട് സ്വദേശിയും ചപ്പാരപ്പടവില്‍ താമസക്കാരനുമായ കെ കെ അബ്ദുള്‍ലത്തീഫി(38)ന്റെ മരണത്തിന് പിന്നിലെ ദുരൂഹതയാണ് പുറത്തുവന്നത്. ഗള്‍ഫ് മലയാളിയുടെ ഭാര്യയുമായി ലത്തീഫിനുള്ള ബന്ധമാണ് മരണത്തിലേക്ക് നയിച്ചത്. യുവതിയുടെ സഹോദരങ്ങള്‍ സദാചാര  ക്വട്ടേഷന്‍ സംഘത്തെ സമീപിക്കുകയായിരുന്നു. ഇവരുടെ മര്‍ദനത്തെ തുടര്‍ന്നാണ് ഹൃദ്രോഗിയായ ലത്തീഫിന്റെ മരണത്തിന് കാരണമായത്.  സംഘം രണ്ടുതവണ ലത്തീഫിനെ കുപ്പത്തെ മുജീബിന്റെ വീട്ടിനകത്തിട്ട് ഭീകരമായി മര്‍ദിച്ചതായി അന്വേഷകസംഘത്തിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചു. മെയ്നാലിന് കുപ്പത്തുനിന്ന് പിടികൂടിയ ലത്തീഫിനെ അഞ്ചിന് പുലര്‍ച്ചെ ഒന്നരവരെ ക്രൂരമായി മര്‍ദിച്ചു. അടുത്തദിവസം തങ്ങള്‍ക്ക് മുന്നിലെത്തണമെന്ന് നിര്‍ദേശിച്ചതോടെ ഭയന്ന ലത്തീഫ് കാട്ടിനുള്ളില്‍ ഒളിച്ചു. തക്കസമയത്ത് ചികിത്സ കിട്ടാതെ മരിച്ച രോഗിയായ ലത്തീഫിന്റെ മൃതദേഹം 2016 മെയ് ഏഴിന് രാവിലെയാണ് കപ്പണത്തട്ടിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്.
പുട്ട് ആബിദ്, അബൂബക്കര്‍, മെഹബൂബ്, ജലീല്‍, സക്കീര്‍ഹാജി, മുജീബ്, അഷ്റഫ്, സിനാന്‍, ഖാദര്‍, മുസ്തഫ, അബ്ദുറഹ്മാന്‍ എന്നിവരും കണ്ടാല്‍ തിരിച്ചറിയാവുന്ന ചിലരുമാണ്മര്‍ദിച്ചത്.
അബൂബക്കറാണ് പുട്ട് ആബിദിനെയും സംഘത്തെയും ക്വട്ടേഷന്‍ ഏല്‍പിച്ചത്. ഇവര്‍ക്കെതിരെ കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്യുന്നകാര്യം നിയമവിദഗ്ധരുടെ പരിഗണനയിലാണ്. ഇതുസംബന്ധിച്ച് പരിയാരം മെഡിക്കല്‍ കോളേജിലെ പൊലിസ് സര്‍ജന്‍ ഗോപാലകൃഷ്ണപ്പിള്ളയുമായി ഡിവൈഎസ്പി കെ വി വേണുഗോപാല്‍ ചൊവ്വാഴ്ച കൂടിയാലോചന നടത്തി.  ലത്തീഫിന് ബന്ധമുണ്ടായിരുന്ന യുവതിയെ ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്തു. ലത്തീഫിന്റെ തറവാട്ടുവീട്ടില്‍നിന്ന് നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മരണകാരണം ഹൃദയാഘാതമാണെന്ന നിലയില്‍ കേസ് അവസാനിപ്പിക്കണമെന്ന് പരിയാരം പൊലിസിന്റെ റിപ്പോര്‍ട്ട് തള്ളിയാണ് ഡിവൈഎസ്പി അന്വേഷണം ഏറ്റെടുത്തത്. ലത്തീഫിന്റെ ശരീരത്തിലുണ്ടായിരുന്ന 12 മുറിവുകള്‍ രേഖപ്പെടുത്തുകയോ പൊലിസ് സര്‍ജന്റെ നിര്‍ദേശങ്ങള്‍ അന്വേഷിക്കുകയോ ചെയ്യാത്ത പരിയാരം പൊലിസിന്റെ കുറ്റകരമായ അനാസ്ഥ സംബന്ധിച്ച് ഡിവൈഎസ്പി വിശദികരണം തേടിയിട്ടുണ്ട്. 

No comments

Powered by Blogger.