മുത്തലാഖ് നിരോധിക്കാന്‍ കേന്ദ്രം നിയമനിര്‍മ്മാണത്തിന്; ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: മുസ്ലീം സമുദായത്തിലെ വിവാഹമോചനത്തിനുള്ള മുത്തലാഖ് നിരോധിക്കുന്നതിനുള്ള ബില്‍ വരുന്ന ശീതകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചേക്കും. ഇത് സംബന്ധിച്ച പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ നിര്‍ണ്ണയിക്കുന്നതിന് മന്ത്രിതല സമിതി രൂപീകരിച്ചു.

മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്നത് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചത്.

പുതിയ നിയമം വഴി മുത്തലാഖ് നിരോധിക്കാനോ നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്താനോ ആണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.

പുതിയ നിയമം നിലവില്‍ വരുന്നതോടെ മുത്തലാഖ് തുടരുന്ന മുസ്ലീം പുരുഷന്‍മാര്‍ ശിക്ഷിക്കപ്പെടും. മുത്തലാഖ് നിയമവിരുദ്ധമായി സുപ്രീം കോടതി പ്രഖ്യാപിച്ചിട്ടും പലരും ഇപ്പോഴും തലാഖ് ചെല്ലുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിലവിലെ നിയമം അപര്യാപ്തമായതിനാല്‍ പോലീസും നിസഹായരാണ്.

ഈ സാഹചര്യത്തിലാണ് നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. കത്തിലൂടെയും വാട്സ്‌ആപ്പിലൂടെയും മറ്റും മുത്തലാഖ് ചൊല്ലുന്നത് വ്യാപകമായതോടെയാണ് മുത്തലാഖ് നിരോധിക്കണമെന്ന ആവശ്യം വ്യാപകമായത്. ഇതേതുടര്‍ന്ന് ചില മുസ്ലീം സ്ത്രീകളടക്കം പരമോന്നത കോടതിയെ സമീപിക്കുകയായിരുന്നു.

No comments

Powered by Blogger.