കല്യാശ്ശേരിയിൽ പൊതുമരാമത്ത് വകുപ്പ് 1000 കോടിയുടെ പദ്ധതികൾ നടപ്പാക്കും: മന്ത്രി ജി സുധാകരൻ

കണ്ണൂർ: അടുത്ത അഞ്ച് വർഷത്തിനിടയിൽ കല്യാശ്ശേരി മണ്ഡലത്തിൽ പൊതുമരാമത്ത് മേഖലയിൽ 1000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. നിലവിൽ റോഡുകളും പാലങ്ങളുമായി മണ്ഡലത്തിൽ 343 കോടിയുടെ പ്രവൃത്തികൾ നടന്നുവരുന്നതായും മന്ത്രി അറിയിച്ചു. കല്യാശ്ശേരി നിയോജകമണ്ഡലത്തിലെ പഴയങ്ങാടി-മാടായി-പുതിയങ്ങാടി-മാട്ടൂൽ റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വികസനരംഗത്ത് കാലങ്ങളായി പിന്തള്ളപ്പെട്ട കണ്ണൂർ ജില്ലയ്ക്ക് വിലയ പരിഗണനയാണ് കഴിഞ്ഞ രണ്ട് ബജറ്റുകളിൽ സർക്കാർ നൽകിയത്. ദേശീയ പാതാ വികസനമുൾപ്പെടെ വിവിധ പദ്ധതികൾ വരാനിരിക്കുകയാണ്. വികസനത്തിന് അനുകൂലമായ കാലാവസ്ഥയാണ് സംസ്ഥാനത്തിപ്പോൾ. കരാറുകാരും എഞ്ചിനീയർമാരും ആത്മാർഥമായി സഹകരിച്ചാൽ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ കുതിച്ചുചാട്ടം തന്നെയുണ്ടാകും.
സർക്കാരിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ ജി.എസ്.ടിയുടെ പേരിൽ നടത്തിയ സമരം അനാവശ്യമായിരുന്നു. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് വരുന്ന അധികബാധ്യത ഏറ്റെടുക്കാൻ സർക്കാർ നേരത്തേ തയ്യാറായതാണ്. കരാറുകാർ ട്രേഡ് യൂനിയൻ മാതൃകയിൽ സമരം ചെയ്യേണ്ടവരല്ല. സമരം ചെയ്തത് മൂലം നഷ്ടം അവർക്ക് തന്നെയാണെന്നും മന്ത്രി പറഞ്ഞു. കരാറുകാർ ആധുനികവൽക്കരണത്തിന് വിധേയമാവണം. മികച്ച യന്ത്രങ്ങൾ സ്വായത്തമാക്കുകയും നല്ല ജീവനക്കാരെ നിയോഗിക്കുകയും ചെയ്യുന്നതിലൂടെ പ്രവൃത്തികൾ ഏറ്റെടുത്ത് സമയബന്ധിതമായും കാര്യക്ഷമമായും പൂർത്തിയാക്കാൻ കരാറുകാർ മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു. ഏറ്റെടുത്ത തുകയിൽ കുറഞ്ഞ തുകയ്ക്ക് നല്ല രീതിയിൽ പണി പൂർത്തിയാക്കി അധികതുക സർക്കാരിന് തിരിച്ചുനൽകുന്ന നല്ല കരാറുകാരും സംസ്ഥാനത്തുണ്ടെന്നും മന്ത്രി പറഞ്ഞു.

പഴയങ്ങാടിയിൽ നടന്ന ചടങ്ങിൽ ടി വി രാജേഷ് എം എൽ എ അധ്യക്ഷത വഹിച്ചു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി പ്രീത, മാടായി പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ആബിദ, ആയിഷ.യു, കെ പത്മനാഭൻ, സുധീർ വെങ്ങര, പി.നാരായണൻ, കെ.സജീവൻ, പി.എം ഹനീഫ, ടി.രാജൻ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ ജിഷാകുമാരി കെ റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയർ പി.കെ മിനി സ്വാഗതവും ശശി.കെ.വി നന്ദിയും പറഞ്ഞു.

No comments

Powered by Blogger.