കാസര്‍കോട് ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

കാസര്‍കോട് :
വിവിധ ആവശ്യങ്ങളുന്നയിച്ച് കാസര്‍കോട് ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ഡിസംബര്‍ ഒന്നുമുതല്‍ അനിശ്ചികാല സമരം നടത്തുമെന്ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നേരത്തെ വിവിധ ആവശ്യങ്ങളുന്നയിച്ച് നേരത്തെ നടത്തിയ സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നല്‍കിയ ഉറപ്പുകളൊന്നും ജില്ലയിലെ നഴ്‌സുമാര്‍ക്ക് ലഭിച്ചില്ല. നഴ്‌സുമാര്‍ 17 ദിവസം വരേ 15 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്നുണ്ട്. മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന ആവശ്യം ജില്ലയിലെ ഒരു ആശുപത്രി മാത്രമാണ് നടപ്പാക്കിയത്.

സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട മിനിമം വേജസ്, ഇ.എസ്.ഐ, പി.എഫ്, പി.എച്ച്, മെറ്റര്‍നിറ്റി ലീവ് തുടങ്ങിയവ ഭൂരിപക്ഷം നഴ്‌സുമാര്‍ക്കും ലഭിക്കുന്നില്ലെന്നും നേതാക്കള്‍ ആരോപിച്ചു. ബാങ്ക് വഴി ശമ്പളം നല്‍കിയശേഷം പിറ്റേദിവസം 5000 രൂപ തിരികെ വാങ്ങുന്ന സ്ഥാപനങ്ങളും ജില്ലയിലുണ്ടെന്നും നേതാക്കള്‍ ആരോപിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അജീഷ് ചാക്കോ, ജോയിന്റ് സെക്രട്ടറി പ്രിന്‍സ് മാത്യു, ജില്ലാ കമ്മിറ്റിയംഗം വി.വി നിഖില്‍ സംബന്ധിച്ചു.

ജില്ലയിലെ ചില ആശുപത്രികളില്‍ വനിതാ നഴ്‌സുമാര്‍ക്ക് നേരെ ലൈംഗീക ചൂഷണ ശ്രമം നടക്കുന്നതായി ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ആശുപത്രികളില്‍ ലൈംഗിക ചൂഷണ ശ്രമം നടക്കുന്നതായി സംഘടക്ക് പരാതി ലഭിച്ചിട്ടുണ്ട്. നഴ്‌സുമാര്‍ തനിച്ച് കാബിനില്‍ വിളിച്ച് വരുത്തി ലൈംഗീക ചുവയോടെ ഉടമകള്‍ സംസാരിക്കുന്നതായും പരാതിയുണ്ട്.

എന്നാല്‍ ഇരകള്‍ക്ക് പരാതിയില്‍ ഉറച്ച് നില്‍ക്കാന്‍ മടിയുള്ളതിനാല്‍ സംഘടനകള്‍ ഇത്തരം ആശുപത്രി മാനേജ്‌മെന്റുകളെ ഇക്കാര്യങ്ങള്‍ അറിയിച്ചതായും നഴ്‌സസ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. ജില്ലയിലെ ഒരാശുപത്രിയിലും വുമണ്‍സ് ഗ്രീവിയന്‍സ് സെല്‍ രൂപീകരിച്ചിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.

No comments

Powered by Blogger.