ഇന്ത്യ-ന്യൂസിലാന്‍ഡ് ടീമുകള്‍ കേരളത്തില്‍; ആവേശത്തോടെ കായിക പ്രേമികള്‍ 


ഇന്ത്യ-ന്യൂസിലാന്‍ഡ് 20-20 പരമ്പരയിലെ അവസാന മത്സരത്തിനായി ടീമുകള്‍ ഞായറാഴ്ച രാത്രി തിരുവനന്തപുരം നഗരത്തിലെത്തി രാജ്കോട്ടില്‍ നിന്നും ചാര്‍ട്ടര്‍ വിമാനത്തിലാണ് എത്തിയത്. കോവളത്തെ ലീല ഹോട്ടലിലാണ് ടീമുകള്‍ താമസിക്കുന്നത്. തിങ്കളാഴ്ച രാവിലെയും ഉച്ചയ്ക്കുമായി കാര്യവട്ടം സ്പോര്‍ട്‌സ് ഹബ്ബ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെമുതല്‍ ഉച്ചവരെ ന്യൂസിലാന്‍ഡ് ടീമിനും ഉച്ചയ്ക്കുശേഷം ഇന്ത്യന്‍ ടീമിനുമാണ് പരിശീലനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്.
മൂന്നു പതിറ്റാണ്ടിനുശേഷം വിരുന്നെത്തുന്ന ക്രിക്കറ്റ് മത്സരത്തെ വരവേല്‍ക്കാന്‍ തലസ്ഥാനനഗരി ഒരുങ്ങിക്കഴിഞ്ഞു ദേശീയ ഗെയിംസിനായി നിര്‍മ്മിച്ച സ്പോര്‍ട്സ് ഹബ്ബിലെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണ് നടക്കാന്‍ പോകുന്നത്. അഞ്ച് പിച്ചുകളാണ് ഇവിടെയുള്ളത്. ഇതില്‍ മൂന്നെണ്ണമാണ് മത്സരത്തിനായി സജ്ജമാക്കിയത്.
തിരുവനന്തപുരത്തെ പിച്ച് ബാറ്റിങ്ങിനെ തുണയ്ക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം .മത്സരത്തിനുള്ള ടിക്കറ്റുകള്‍ മുഴുവനും വിറ്റ് തീര്‍ന്നു.. എണ്പതു ശതമാനം ടിക്കറ്റുകളും ഓണലൈന്‍ വഴിയാണ് വിറ്റഴിച്ചത്. ഇന്ന് സര്‍ക്കാരും കേരള ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായി നടപ്പാക്കുന്ന യെസ് ക്രിക്കറ്റ്, നോ ഡ്രഗ്സ് എന്ന പരിപാടിയിലും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കും

No comments

Powered by Blogger.