ശബരിമലയില്‍ ജയറാം ആചാരലംഘനം നടത്തിയെന്ന് ദേവസ്വം വിജിലനസ്

തിരുവനന്തപുരം: ശബരിമല നടന്‍ ജയറാം ഇടയ്ക്ക വായിച്ചത് ആചാരലംഘനമാണെന്ന് ദേവസ്വം വിജിലന്‍സ്.ദേവസ്വം ജീവനക്കാരനെ ഒഴിവാക്കിയാണു ജയറാമിന് ഇടയ്ക്ക കൊട്ടി പാടാന്‍ അവസരമൊരുക്കിയത്. കൊല്ലത്തെ പ്രമുഖ വ്യവസായി സുനില്‍ സ്വാമിക്കു ക്രമം തെറ്റിച്ച് പൂജ നടത്താന്‍ ദേവസ്വം അധികൃതര്‍ ഒത്താശ ചെയ്തതും ദേവസ്വം വിജിലന്‍സിന്റെ രഹസ്യറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ശബരിമലയില്‍ വിവിധപൂജകള്‍ക്കായി ലക്ഷങ്ങളടച്ച് ബുക്ക് ചെയ്തവര്‍ വര്‍ഷങ്ങളോളം കാത്തിരിക്കുമ്‌ബോഴാണു സുനില്‍ സ്വാമിക്കു പ്രത്യേക അവസരം നല്‍കുന്നത്. പടിപൂജയ്ക്കു 2033 വരെ ബുക്കിങ്ങുണ്ട്. സുനില്‍ സ്വാമിക്കു പൂജ ചെയ്യാന്‍ അവസരമുണ്ടാക്കിക്കൊടുത്ത ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പതിവില്ലാത്തവിധം സംഭവദിവസം രാവിലെ ശബരിമല നട തുറന്ന് ഇവര്‍ക്കു ദര്‍ശനത്തിന് പ്രത്യേക സൗകര്യമൊരുക്കിയെന്നായിരുന്നു ആരോപണം. അന്ന് ഉഷഃപൂജാ സമയത്താണ് ജയറാം സോപാന സംഗീതത്തോടൊപ്പം ഇടയ്ക്ക കൊട്ടിയത്. സ്‌പെഷല്‍ ഡ്യൂട്ടിക്കായെത്തിയ കോട്ടയം തിരുനക്കര ദേവസ്വം ജീവനക്കാരന്‍ ശ്രീകുമാര്‍ നിര്‍വഹിക്കേണ്ടിയിരുന്ന ജോലി ജയറാമിനെ ഏല്‍പ്പിച്ചതിനുപിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യവും ആചാരലംഘനവുമുണ്ടെന്നാണു റിപ്പോര്‍ട്ട്.ശബരിമല ഉത്സവകാലത്ത് സുനില്‍ സ്വാമി പതിവായി സോപാനത്തുള്ള ദേവസ്വം ഗാര്‍ഡ് റൂമിലാണു താമസം. ഇത് അനധികൃതമാണ്.
ശബരിമലയിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നുണ്ടെന്നും അത് ഒരു കാരണവശാലും അനുവദിക്കരുതെന്നു വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. അമ്ബതു വയസില്‍ താഴെയുള്ള രണ്ടു സ്ത്രീകള്‍ കഴിഞ്ഞ ഏപ്രില്‍ പത്തിനു ദര്‍ശനം നടത്തിയെന്ന പരാതിയില്‍ കഴമ്ബില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ക്രമക്കേടുകള്‍ക്ക് ഉത്തരവാദിയായവര്‍ക്കെതിരേ നടപടി ശിപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് കൈമാറി മാസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ കണ്ട ഭാവം നടിച്ചിട്ടില്ല.

No comments

Powered by Blogger.