പഴയങ്ങാടി മണ്ടൂരിലെ ബസ്സപകടം: മരിച്ച അഞ്ച് പേരെയും തിരിച്ചറിഞ്ഞു


മണ്ടൂർ (കണ്ണൂർ)∙ ടയർ പഞ്ചറായ ബസിനു സമീപം അടുത്ത ബസ് കാത്തുനിന്നവരിൽ ഒരു സ്ത്രീ അടക്കം അഞ്ചു പേർ തൊട്ടുപിറകെയെത്തിയ സ്വകാര്യ ബസിടിച്ചു മരിച്ചു. പത്തോളം പേർക്കു പരുക്കേറ്റു. ഇതിൽ ഗുരുതരമായി പരുക്കേറ്റ ഏഴു പേർ പരിയാരം മെഡിക്കൽ കോളജ്ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി എട്ടു മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.അപകടസമയത്ത് ഇവിടെ കനത്ത മഴയായിരുന്നുവെന്ന് പറയുന്നു. ഈ റോഡിൽ പണി നടന്നുവരികയായിരുന്നുവെന്നും സൂചനയുണ്ട്. നാലു പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചതെന്നാണ് വിവരം. ഇതിൽ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി മുസ്തഫ, പുതിയങ്ങാടി ജമാഅത്ത് സ്കൂൾ അധ്യാപിക കൂടിയായ ഏഴോം സ്വദേശി സുബൈദ (45), മകൻ മുഫീദ് (18), ചെറുകുന്ന് അമ്പലപ്പുറം സ്വദേശി സുജിത് പട്ടേരി (35) പെരുമ്പയിലുള്ള അബ്ദുൽ കരീം എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റി. പരുക്കേറ്റവർ പരിയാരം മെഡിക്കൽ കോളജിലും കണ്ണൂരിലെ വിവിധ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലാണ്.പയ്യന്നൂരിൽ നിന്നു പഴയങ്ങാടിയിലേക്കുള്ള അൻവിദ എന്ന ബസിന്റെ ടയർ മണ്ടൂർ ടൗണിനടുത്ത്ഇറക്കവും വളവുമുള്ള ഭാഗത്തു കേടായതിനെ തുടർന്നു ബസ് മാറിക്കയറാൻ വേണ്ടി പുറത്തിറങ്ങിയ യാത്രക്കാരാണ് അപകടത്തിൽ പെട്ടത്. അഞ്ചു മിനിട്ടിനു ശേഷം ഇതേ റൂട്ടിൽ വന്ന ഹിൽട്ടൻ എന്ന ബസിന് ഇവർ കൈകാണിച്ചുവെങ്കിലും അമിത വേഗത്തിൽ വന്ന ബസ് ഇടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. പിന്നീട് അൻവിദയിലും ഇടിച്ച ശേഷമാണു ബസ് നിർത്തിയത്. നല്ല മഴയുണ്ടായിരുന്നു. മൂന്നു പേർ സംഭവ സ്ഥലത്തു വച്ചും രണ്ടു പേർ ആശുപത്രിയിൽ വച്ചുമാണു മരിച്ചത്.

No comments

Powered by Blogger.