സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സംസ്ഥാനം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് മുഖ്യമന്ത്രി

കണ്ണൂർ: കുട്ടികളെ കാണാതാവുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതിനാല്‍ ഇക്കാര്യത്തില്‍ കര്‍ശനമായ നടപടികളും അന്വേഷണങ്ങളും വേണമെന്നും, സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സംസ്ഥാനം ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനില്‍ പാസിങ്ങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളോട് നല്ല ബന്ധം സ്ഥാപിക്കാനുതകുന്ന നിരവധി പുതിയ പരിഷ്‌ക്കാരങ്ങള്‍ പോലീസ് സേനയില്‍ ആവിഷ്‌ക്കരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാലാം ബറ്റാലിയനിലെ 113 പോലീസുകാരും മലബാര്‍ സ്‌പെഷ്യല്‍ പോലീസിലെ 183 പോലീസുകാരുമുള്‍പ്പെടെ 296 പേരാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. കെഎപി നാലാം ബറ്റാലിയനില്‍ നിന്നും പരിശീലനം കഴിഞ്ഞ പോലീസുകാരുടെ ഇരുപത്തിയാറാമത് ബാച്ചാണിത്. ആറ് ബി ടെക് എഞ്ചിനീയറിംഗ് ബിരുദധാരികളും മൂന്ന് ബിഎഡ് ബിരുദധാരികളും 137 ബിരുദധാരികളും 20 ഡിപ്ലോമക്കാരും 28 ഐ ടി ഐ ക്കാരും 60 പ്ലസ് ടു ക്കാരും മൂന്ന് ടി ടി സി ക്കാരും ആറ് എസ് എസ് എല്‍ സി ക്കാരും അടങ്ങുന്നതാണ് പുതുതായി പോലീസ് സേനയിലെത്തിയവര്‍.


മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ , എം എല്‍ എ മാരായ ജയിംസ് മാത്യു, ടി.വി.രാജേഷ്, സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ, ആംഡ് ബറ്റാലിയന്‍ എഡിജിപി സുധേഷ് കുമാര്‍, ആംഡ് ബറ്റാലിയന്‍ ഡി ഐ ജി ഷെഫീന്‍ അഹമ്മദ്, എം എസ് പി കമാന്‍ഡന്റ് കെ.പി.ഫിലിപ്പ്, നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് കോറി സഞ്ജയ് കുമാര്‍ ഗുരു ഡിന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ പോലീസ് മേധാവി ശിവവിക്രം, തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍, തളിപ്പറമ്പ് തഹസില്‍ദാര്‍ കെ.സുജാത എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

No comments

Powered by Blogger.