പത്മാവതിയുടെ റിലീസ് നീട്ടിവെക്കണം; സമൃതി ഇറാനിയോട് വസുന്ധര രാജെ

ജയ്പുര്‍: സഞ്ജയ് ലീല ബന്‍സാലിയുടെ 'പത്മാവതി'യുടെ റിലീസ് വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചു. ഏതെങ്കിലും സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നത് ഒഴിവാക്കാന്‍ സിനിമയില്‍ ചിലമാറ്റങ്ങള്‍ വരുത്തന്നത് വരെ റിലീസ് മാറ്റിവെക്കണമെന്നാണ് വസുന്ധര രാജെയുടെ ആവശ്യം.
സിനിമയും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ചര്‍ച്ച ചെയ്യാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു. വിദ്വേഷം പരത്തുന്ന കാര്യങ്ങളില്‍ ഭേദഗതിവരുത്തണം. സെന്‍സര്‍ബോര്‍ഡ് ഇതിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് ഇക്കാര്യങ്ങളൊക്കെ ചിന്തിക്കണമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.
ഇതിനിടെ പത്മാവതിയുടെ സെന്‍സര്‍ അപേക്ഷ കഴിഞ്ഞ ദിവസം സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബോര്‍ഡ് തിരിച്ചയച്ചിരുന്നു. അപാകം തിരുത്തി പുതിയ അപേക്ഷ നല്‍കിയതിനുശേഷമേ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയുള്ളൂ. അപേക്ഷ അപൂര്‍ണമാണെന്ന് 'പത്മാവതി'യുടെ പ്രവര്‍ത്തകര്‍ക്ക് അറിയാമായിരുന്നെന്നും അത് തിരിച്ചയച്ചതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി പറഞ്ഞു.
അലാവുദീന്‍ ഖില്‍ജി 1303-ല്‍ രാജസ്ഥാനിലെ ചിത്തോര്‍ കോട്ട കീഴടക്കിയതിന്റെ കഥയാണ് സിനിമ പറയുന്നത്. റാണാ റാവല്‍സിങ്ങിന്റെ ഭാര്യയായിരുന്ന റാണി പത്മാവതിയും ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളും ഗാനരംഗവും സിനിമയിലുണ്ടെന്നും അത് രജപുത്ര ചരിത്രത്തെ വളച്ചൊടിക്കലാണെന്നുമാണ് ആരോപണം.

No comments

Powered by Blogger.